2015 മുതല്‍ കേരളത്തില്‍ 42 രാജ്യദ്രോഹ കേസുകള്‍; ഏറെയും പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണത്തിനും

Update: 2022-05-12 02:13 GMT

തിരുവനന്തപുരം: കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 രാജ്യദ്രോഹക്കേസുകള്‍. രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 (എ) വകുപ്പ് ചുമത്തിയ കേസുകളിലേറെയും മാവോവാദികള്‍, കള്ളനോട്ടടിക്കാര്‍ എന്നിവര്‍ക്കെതിരേയാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. യുഎപിഎ ചുമത്തിയ കേസുകളിലാണ് 124 വകുപ്പുകൂടി ചേര്‍ത്തത്. 40 കേസുകള്‍ യുഎപിഎയുടെ ഭാഗമായി രാജ്യദ്രോഹക്കുറ്റം ചുമത്തി. മാവോവാദി ഏറ്റുമുട്ടല്‍, മാവോവാദികളുടെ ഭീഷണി, പോസ്റ്റര്‍ ഒട്ടിക്കല്‍, ലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ക്കാണ് കേരള പോലിസ് രാജ്യദ്രോഹം ചുമത്തിയത്.

124ാം വകുപ്പ് സുപ്രിംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂര്‍ത്തിയായ കേസുകളിലും കുറ്റപത്രം നല്‍കാന്‍ പോലിസിന് കഴിയില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് കേസുകളിലധികവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചില കേസുകളില്‍ പോലിസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതിയുടെ ഇടപെടലിലൂടെ റദ്ദാക്കിയിട്ടുമുണ്ട്. മാവോവാദി നേതാവ് രൂപേഷിനെതിരേ ചുമത്തിയ മൂന്ന് കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. രാഷ്ട്രീപ്രേരിതമായും പ്രതികാരബുദ്ധിയോടെയും തെളിവുകളുടെ പിന്‍ബലമില്ലാതെയുമാണ് രാജ്യദ്രോഹക്കേസുകള്‍ കൂടുതലായും പോലിസ് ചുമത്തുന്നത്.

ദേശീയതലത്തില്‍ 96 ശതമാനം കേസുകളിലും കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഇതിന് ഉദാഹരണമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം, സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ വന്‍തോതില്‍ കള്ളനോട്ടടിക്കല്‍, സായുധവിപ്ലവത്തിന് ആഹ്വാനം, സായുധപരിശീലനം, ആയുധം പിടിക്കുന്ന കേസുകളില്‍ വിദേശ ബന്ധം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിലാണ് 124 (എ) വകുപ്പ് ചുമത്താറുള്ളതെന്നാണ് പോലിസിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിനെതിരേ പോസ്റ്റര്‍ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം ഭീകരവിരുദ്ധ നിയമമായ യുഎപിഎയ്‌ക്കൊപ്പം 124 (എ) വകുപ്പും പോലിസ് ചുമത്തിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം കേസുകളില്‍ പലതിലും തെളിവുകളില്ലാത്തതിനാല്‍ കോടതി ആ വകുപ്പ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത പല കേസുകളും വിചിത്രമാണ്. പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമാണ് മിക്ക കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തോക്കും ആയുധങ്ങളുമായി മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്തതിന് കോഴിക്കോട്ട് രൂപേഷിനെതിരേ മൂന്ന് കേസുകള്‍, മാവോവാദി നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടതില്‍ പോലിസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചതിന്, സി പി ജലീല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സുപ്രിംകോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അന്വേഷണം വേണമെന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പോസ്റ്ററിനെതിരേ, ബേസ് മൂവ്‌മെന്റ് സംഘടനയുടെ പേരില്‍ കൊച്ചി പോലിസ് കമ്മീഷണറേറ്റില്‍ വാട്‌സ് ആപ്പില്‍ ഭീഷണിസന്ദേശം അയച്ചതിന്, സിപിഐ (മാവോവാദി) സംഘടനയില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് കോഴിക്കോട്ട് നല്ലളത്ത് സ്‌കൂളിനടുത്തായി പോസ്റ്റര്‍ പതിച്ചതിന് തുടങ്ങിയവയാണ് ഈ വകുപ്പുപ്രകാരം എടുത്ത പ്രധാന കേസുകള്‍.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കാണ് കേരളത്തില്‍ പ്രധാനമായും ഈ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് ചുമത്തുന്ന യുഎപിഎ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നായര്‍ സമിതിയുണ്ട്. സമിതിയുടെ ശുപാര്‍ശ വേണം സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍. അനാവശ്യമാണെങ്കില്‍ യുഎപിഎ വകുപ്പ് റദ്ദാക്കും. യുഎപിഎ ചുമത്താന്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമതി വേണം. 124(എ) എസ്എച്ച്ഒമാര്‍ക്ക് ചുമത്താം. പിന്നീട് പരിശോധനയില്ല.

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പൂര്‍ത്തിയായ കേസുകളില്‍പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസിന് കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രിംകോടതിയില്‍ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാവുംവരെ ഇതേ നില തുടരും. എന്നാല്‍, യുഎപിഎ കേസ് മാത്രമായി ചുമത്തുന്നതില്‍ തടസമില്ല.അതേസമയം, 124(എ) വകുപ്പ് റദ്ദാക്കിയാലും ഇതുവരെയെടുത്ത കേസുകള്‍ നിലനില്‍ക്കുമെന്നും റദ്ദാക്കുന്ന ദിവസം മുതലേ അതിനു പ്രാബല്യമുണ്ടാവൂ എന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

Tags:    

Similar News