എൽദോസ് കുന്നപ്പിള്ളിക്കെതിരേ ബലാൽസംഗക്കേസ് ചുമത്തി
എംഎൽഎയുമായി 10 വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. മോശം പെരുമാറ്റം തുടങ്ങിയതോടെ അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരേ ബലാൽസംഗക്കേസ് ചുമത്തി. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ഇതുസംബന്ധിച്ച് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ പോലിസ് റിപോർട്ടും സമർപ്പിച്ചു. ചോദ്യം ചെയ്യലിനിടെ എംഎൽഎക്കെതിരായ തെളിവുകൾ പരാതിക്കാരി കൈമാറിയതായാണ് സൂചന.
എൽദോസ് മദ്യപിച്ച് തന്നെ മർദിക്കുന്നത് പതിവായിരുന്നെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. പരാതിയിൽ ഉറച്ചുനിൽക്കുന്നു. കേസ് ഒത്തുതീർക്കാൻ വഞ്ചിയൂരിലെ വക്കീൽ ഓഫിസിൽ വെച്ചാണ് 30 ലക്ഷം നൽകാമെന്ന് പറഞ്ഞത്. വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാരിയായ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞിരുന്നു.
എംഎൽഎയുമായി 10 വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. മോശം പെരുമാറ്റം തുടങ്ങിയതോടെ അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. സപ്തംബർ 14ന് കോവളത്തുവെച്ച് മർദ്ദിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പോലിസിനെ അറിയിച്ചത്. പി എ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.
അന്നു താൻ ഭാര്യയാണെന്നാണ് എംഎൽഎ പറഞ്ഞത്. പോലിസും നാട്ടുകാരും ഇടപെട്ടാണ് കാറിൽ കയറ്റി അയച്ചത്. പരിക്കേറ്റതിനാൽ എംഎൽഎ തന്നെയാണ് 16ന് പുലർച്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്. വീണ്ടും മർദ്ദനവും ശല്യവും തുടർന്നതിനാൽ ആദ്യം പരാതി നൽകിയത് വനിത സെല്ലിലാണ്. പിന്നീടാണ് തിരുവനന്തപുരം സിറ്റി പോലിസ് കമീഷണർക്ക് പരാതി നൽകിയത്.
കോവളം പോലിസ് സ്റ്റേഷനിലേക്ക് ഒക്ടോബർ ഒന്നിന് വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാൻ എസ്എച്ച്ഒ തയാറായില്ല. എംഎൽഎയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് കാരണം പറഞ്ഞത്. പിന്നീട് മൊഴിയെടുക്കാമെന്ന് പറഞ്ഞെങ്കിലും ഏഴിന് വിളിച്ചപ്പോൾ എസ്എച്ച്ഒ അവധിയാണെന്ന് പറഞ്ഞു. ഒമ്പതിന് എംഎൽഎ വീട്ടിൽ വന്ന് ബലംപ്രയോഗിച്ച് സിഐക്ക് മുന്നിൽ കൊണ്ടുപോയി പരാതി ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞു. പോലിസിൽ നിന്നടക്കം സഹായം ലഭിക്കാതായപ്പോഴാണ് ആത്മഹത്യക്കായി കന്യാകുമാരിയിൽ പോയത്. കടലിൽ ചാടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞ് തമിഴ്നാട് പോലിസിൽ ഏൽപ്പിച്ചു.
പോലിസ് നിർദേശാനുസരണം മടങ്ങിയ താൻ മധുരയിലേക്ക് പോയി. അവിടെവെച്ച് ഫോൺ ഓണാക്കിയപ്പോഴാണ് വഞ്ചിയൂർ സ്റ്റേഷനിലെ വനിത എസ്ഐ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചത്. എംഎൽഎയുടെ ഫോൺ തന്റെ കൈവശമില്ല. അങ്ങനെയുണ്ടെങ്കിൽ അദ്ദേഹം തനിക്കെതിരേ പരാതി നൽകാത്തതെന്താണ്? -അവർ ചോദിച്ചു.
എംഎൽഎക്കെതിരേ ബലാൽസംഗ കുറ്റം ചുമത്തിയതതോടെ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. കുറ്റാക്കരനെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ വിപരീത നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്.