'ഒഴിവാക്കാന്‍ വേണ്ടി ജാതകദോഷ കഥ ചമച്ചു'; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കൊലപാതകമെന്ന് പോലിസ്
കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ഷാരോണിനെ കൊന്നത് താനെന്ന് വനിതാ സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും ഒരുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇരുവരും തമ്മില്‍ പിണക്കമുണ്ടായി. ആ മാസം തന്നെയായിരുന്നു ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചത്. അതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. അതിനിടെ വീണ്ടും ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറഞ്ഞു.
ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണ്‍ അവിടെ വച്ച് തന്നെ ഛര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്ന് ഷാരോണ്‍ പോയി. ഷാരോണിന് എന്താണ് കൊടുത്തതെന്ന് സഹോദരന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഗ്രീഷ്മ ഒന്നും പറഞ്ഞില്ലെന്നും അജിത് കുമാര്‍ പറയുന്നു.
കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിത്.
ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ജാതകദോഷ കഥ ഗ്രീഷ്മ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു. അന്ധവിശ്വാസം ഉള്‍പ്പെടെയുള്ള മറ്റുവശങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.
ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതിയാക്കാന്‍ പ്രാഥമികമായി തെളിവുകള്‍ ലഭിച്ചിട്ടില്ല. മുന്‍പ് വിഷം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ല. ബന്ധത്തില്‍ വിള്ളല്‍ വീണിട്ടും ബന്ധം തുടരാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നു.
ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. പള്ളിയില്‍ പോയി സിന്ദൂരം തൊട്ടെങ്കിലും വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയില്‍ ഇല്ലെന്നും അജിത് കുമാര്‍ പറയുന്നു.
കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാന്‍ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടില്‍ ഷാരോണ്‍ പോയത്. എന്നാല്‍ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോണ്‍ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കള്‍ ആദ്യമേ ആരോപിച്ചിരുന്നു.