മന്‍മോഹന്‍ സിങിന് കരിങ്കൊടി കാണിച്ച ഇടതുവിദ്യാര്‍ഥി നേതാവ് രാഹുലിന്റെ ഉപദേശകന്‍
സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രാഹുലിന്റെ ചടുലതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ആരാണെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. അതിനുള്ള ഉത്തരമാണ് ജെഎന്‍യുവിലെ പഴയ ഇടത് തീപ്പൊരി നേതാവ് സന്ദീപ് സിങ്.
ന്യൂദല്‍ഹി: കുടുംബ മഹിമ മാത്രം കൈമുതലായുള്ള അമുല്‍ ബേബി എന്ന ആക്ഷേപങ്ങളെ കുടഞ്ഞെറിഞ്ഞ് പക്വതയുള്ള ജനകീയനായ നേതാവ് എന്ന രൂപത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച അതിവേഗത്തിലുള്ളതായിരുന്നു. സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രാഹുലിന്റെ ചടുലതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ആരാണെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. അതിനുള്ള ഉത്തരമാണ് ജെഎന്‍യുവിലെ പഴയ ഇടത് തീപ്പൊരി നേതാവ് സന്ദീപ് സിങ്. ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലെങ്കിലും രാഹുലിന് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നതും സഖ്യങ്ങളുടെ കാര്യത്തില്‍ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇയാളാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
വെറും വിദ്യാര്‍ത്ഥി നേതാവായിരുന്നില്ല സന്ദീപ് സിങ്. മന്‍മോഹന്‍ സിങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച ഇടത് വിദ്യാര്‍ത്ഥി നേതാവ്. ജെഎന്‍യുവിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന സന്ദീപ് സിങാണിപ്പോള്‍ പ്രിയങ്കയുടെയും രാഷ്ട്രീയ ഉപദേഷ്ടാവ്. ഉത്തര്‍പ്രദേശില്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്ക് ഒരു സഹായി വേണ്ടിവരുമെന്ന ഘട്ടമായപ്പോഴും രാഹുല്‍ സന്ദീപിനെ തന്നെ തിരഞ്ഞെടുത്തു. അന്ന് മുതല്‍ സന്ദീപ് പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.
സന്ദീപ് എന്നു മുതലാണ് രാഹുലുമായി ഇത്ര അടുത്ത ബന്ധത്തിലായതെന്ന് അധികമാര്‍ക്കും അറിവില്ല. എന്നാല്‍ 2017 മുതല്‍ സന്ദീപ് രാഹുല്‍ഗാന്ധിക്ക് ചുറ്റുമുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സന്ദീപ് സിങ് ജനിച്ചത്. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ അദ്ദേഹം ജെഎന്‍യുവില്‍ ചേര്‍ന്നു. അവിടെ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി(ഐസ) ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
2005ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിക്കവെയായിരുന്നു സന്ദീപിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘത്തിന്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. 2007ല്‍ സിങ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജെഎന്‍യു വിട്ടതിനുശേഷം സന്ദീപ് ഇടതു രാഷ്ട്രീയത്തോട് അകലം പാലിക്കുകയും ലോക്പാലിനുവേണ്ടി അണ്ണാ ഹസാരെയും അരവിന്ദ് കെജ്‌രിവാളും നയിച്ച പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതില്‍നിന്നു വിട്ടശേഷമാണ് കോണ്‍ഗ്രസുമായി അടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന് പ്രസംഗം എഴുതിക്കൊടുത്ത് കോണ്‍ഗ്രസില്‍ ഹരിശ്രീ കുറിച്ച സന്ദീപ് വളരെ പെട്ടന്നുതന്നെ പാര്‍ട്ടിയുടെ നയതന്ത്രജ്ഞനോളം വളര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ നയം രൂപീകരിക്കാന്‍പോന്ന രാഷ്ട്രീയ ഉപദേശകനായി.
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്‍മോഹനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് ഖേദപ്രകടനവും നടത്തി. എന്നാല്‍ തുടര്‍ന്നും സന്ദീപ് ഐസയെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഇടതു പശ്ചാത്തലമുള്ളവരെ ഉപദേഷ്ടാക്കളായി വയ്ക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സന്ദീപ് സിങിനെ രാഹുല്‍ തന്നോടൊപ്പം കൂട്ടിയതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിന് ഉദാഹരണമാണ് ലഖ്‌നോവില്‍ കഴിഞ്ഞ സപ്തംബറില്‍ നൂറിലധികം ഇടത് ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥി നേതാക്കളും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്തു.
രാഹുലിന്റെയും പ്രിയങ്കയുടെയും കോര്‍പറേറ്റ് വിരുദ്ധവും പാവങ്ങള്‍ക്കൊപ്പമെന്ന നിലപാട് വിളിച്ചുപറയുന്നതുമായ പ്രസംഗങ്ങളുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളുടെയും തലച്ചോറ് സന്ദീപിന്റെതാണ്. കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രകടന പത്രികയിലും ഈ സ്വാധീനം പ്രകടമാണ്. സന്ദീപിന്റെ ചരിത്ര ബോധവും പ്രസംഗ കലയിലെ നൈപുണ്യവും ഭാഷാ പ്രയോഗത്തിലുള്ള അറിവും പ്രിയങ്കയും രാഹുലും നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. സാധാരണക്കാരെ കൈയിലെടുത്ത് രാഹുലും പ്രിയങ്കയും അതിവേഗം ജനകീയ നേതാക്കളായി മാറിയതും ഇതിലൂടെ തന്നെ.