''മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല'': അലഹബാദ് ഹൈക്കോടതി

Update: 2025-03-20 04:32 GMT
മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാല്‍സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ബലാല്‍സംഗ, ബലാല്‍സംഗ ശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര പറഞ്ഞു. ബലാല്‍സംഗ ശ്രമവും ബലാല്‍സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്ന് കോടതി വിശദീകരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പവന്‍, ആകാശ് എന്നിവര്‍ക്കെതിരെ ബലാത്സംഗ ശ്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു. 2021ലാണു സംഭവം നടന്നത്. ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റിയ പെണ്‍കുട്ടിയെ ഇരുവരും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ഈ സംഭവത്തിലെ കേസില്‍ സമന്‍സ് അയച്ച കീഴ്‌ക്കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ബലാല്‍സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും ബലാല്‍സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗശ്രമം കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തണമെങ്കില്‍ തയ്യാറെടുപ്പുഘട്ടത്തില്‍നിന്ന് അവര്‍ മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണ്‍ മിശ്ര വിശദീകരിച്ചു.

Similar News