വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശം 20 ചാക്ക് നാണയങ്ങളായി നല്‍കി യുവാവ് (വീഡിയോ)

Update: 2024-12-21 00:53 GMT

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യക്ക് കോടതി മുന്പാകെ 20 ചാക്ക് നാണയങ്ങള്‍ ജീവനാംശമായി നല്‍കി ഭര്‍ത്താവ്. കോയമ്പത്തൂര്‍ കുടുംബകോടതിയില്‍ വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. രണ്ട് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ 37കാരന്‍ കാറില്‍ പണവുമായി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ഭാര്യയും കുടുംബാംഗങ്ങളും പണം വാങ്ങാന്‍ കോടതിയില്‍ എത്തിയിരുന്നു.

1,20,000 രൂപ നോട്ടുകളായി നല്‍കിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളില്‍ കോടതിക്കുള്ളില്‍ എത്തിക്കുകയായിരുന്നു. പക്ഷേ, കോടതിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. വിവരം അന്വേഷിച്ച കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങള്‍ നോട്ടുകളാക്കി കോടതിയെ ഏല്‍പിക്കണമെന്ന് യുവാവിനു താക്കീതു നല്‍കി.

കേസ് അടുത്തദിവസം പരിഗണിക്കുമ്പോള്‍ ജീവനാംശം പൂര്‍ണമായും നോട്ടുകള്‍ ആക്കി സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവര്‍ഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്. ടാക്‌സി ഡ്രൈവറായ തനിക്ക് ഇത്രയും തുക നോട്ടായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പലയിടത്തു നിന്നും സംഘടിപ്പിച്ചതാണെന്നുമാണ് യുവാവ് പറയുന്നത്.

Similar News