ക്ഷേത്ര എരുമയുടെ ഉടമസ്ഥാവകാശത്തില്‍ ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം; ഡിഎന്‍എ പരിശോധന നടത്താന്‍ പോലിസ്
ദവനഗേരെ(കര്‍ണാടകം): ക്ഷേത്രത്തിന് ദാനം കിട്ടിയ എരുമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം. ദവനഗേരെ ജില്ലയിലെ കുനിബെലകേര ഗ്രാമവാസികളും കുലഗാട്ടി ഗ്രാമവാസികളും തമ്മിലാണ് തര്‍ക്കം. തുടര്‍ന്ന് പോലിസ് എത്തി എരുമയെ ഷിമോഗയിലെ തൊഴുത്തിലേക്ക് കൊണ്ടുപോയി. തര്‍ക്കപരിഹാരത്തിന് എരുമയെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു. ഇതിനായി ഈ എരുമയുടെ മാതാപിതാക്കളെന്ന് കരുതുന്ന കന്നുകാലികളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
2021ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് എരുമയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചത്. കുനിബെലകേര ഗ്രാമവാസികളുടെ കാരിയമ്മ ദേവി ക്ഷേത്രത്തിന് ഒരാള്‍ ദാനം നല്‍കിയ എരുമയുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷം മുമ്പ് സംഘര്‍ഷം നടന്നിരുന്നു. സമാനമായ സംഭവം ബെലാകേരെ ഗ്രാമത്തിലും നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
അതിനാലാണ് ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നത്. എരുമയുടെ പ്രായത്തിന്റെ കാര്യത്തിലും ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. കുനിബെലകേരക്കാരുടെ അഭിപ്രായത്തില്‍ എരുമയ്ക്ക് എട്ടുവയസുണ്ട്. കുലഗാട്ടിക്കാര്‍ പറയുന്നത് ഈ എരുമയ്ക്ക് മൂന്നുവയസുമാത്രമാണ് പ്രായമെന്നാണ്. ആറുവയസില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് മൃഗഡോക്ടര്‍ പറയുന്നത്. ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ പ്രശ്‌നം തീരുമെന്ന് അഡീഷണല്‍ എസ്പി വിജയകുമാര്‍ സന്തോഷ് അറിയിച്ചു.