'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ വീണ്ടും മാനനഷ്ടക്കേസ്

Update: 2023-04-01 12:07 GMT

ന്യൂഡല്‍ഹി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ജനുവരിയില്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്‍എസ്എസിനെതിരേ നടത്തിയ പരാമര്‍ശത്തിലാണ് കേസ് ഫയല്‍ ചെയ്തത്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കോടതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കമല്‍ ബദൗരിയയുടെ പരാതിയില്‍ അഭിഭാഷകന്‍ അരുണ്‍ ബദൗരിയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനുവരി 9 ന് ഹരിയാനയിലെ അംബാലയില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഒരു സ്ട്രീറ്റ് കോര്‍ണര്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ 'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍' എന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കമല്‍ ബദൗരി പരാതി നല്‍കിയത്.

'ആരാണ് കൗരവര്‍? 21ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ പറയാം. അവര്‍ കാക്കി ഹാഫ് പാന്റ് ധരിക്കുന്നു, കൈയില്‍ ലാത്തിയും, ശാഖകളും ധരിക്കുന്നു, ഇന്ത്യയിലെ 23 ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു,' എന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

കേസ് ഏപ്രില്‍ 12ന് കോടതി പരിഗണിക്കും. അതേസമയം 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?. എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. കേസില്‍ രാഹുലിനെ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ വിധിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു.

Tags:    

Similar News