സിരി സംഭാഷണങ്ങള്‍ ചോര്‍ത്തി; 815 കോടി രൂപക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആപ്പിള്‍
വാഷിങ്ടണ്‍: ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലെ സിരി എന്ന വെര്‍ച്ച്വല്‍ അസിസ്റ്റന്റ് സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന കേസ് 815 കോടി രൂപക്ക് ഒത്തുതീര്‍പ്പാക്കാന്‍ ആപ്പിള്‍ കമ്പനി. കാലിഫോണിയയിലെ ഓക്ക്‌ലാന്‍ഡ് കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ആപ്പിള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആപ്പിള്‍ കമ്പനി സിരിയെ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന കേസാണ് ഒത്തുതീര്‍ക്കാന്‍ പോവുന്നത്.
''ഹെയ് സിരി'' എന്നു പറയുമ്പോള്‍ മാത്രം ഓണ്‍ ആവേണ്ട സിരി അങ്ങനെ പറയാത്ത സമയത്തും ഓണായി സംഭാഷണങ്ങള്‍ ചോര്‍ത്തി എന്നാണ് കേസ്. ഇങ്ങനെ ചോര്‍ത്തിയ സംഭാഷണങ്ങള്‍ പരസ്യക്കമ്പനികള്‍ക്ക് കൈമാറിയെന്നും അതിന് അനുസരിച്ചുള്ള പരസ്യങ്ങള്‍ ഫോണില്‍ വന്നുവെന്നുമാണ് കേസിലെ ആരോപണം. സിരി അങ്ങനെ ചെയ്തതിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, ഫെബ്രുവരി 14ന് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ജെഫ്രി വൈറ്റ് ആയിരിക്കും ഒത്തുതീര്‍പ്പില്‍ അന്തിമതീരുമാനമെടുക്കുക. ഒത്തുതീര്‍പ്പുവ്യവസ്ഥ കോടതി അംഗീകരിക്കുകയാണെങ്കില്‍ 2014 സെപ്റ്റംബര്‍ 17 മുതല്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരം തേടാം.