ഒഡീഷയിൽ എംഎല്‍എ ബിജെപി പ്രതിഷേധത്തിലേക്ക് കാർ ഓടിച്ചുകയറ്റി; 24 പേര്‍ക്ക് പരിക്ക്
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു.
ഭൂവനേശ്വര്‍: ഒഡീഷയില്‍ ബിജെപി പ്രവർത്തകർക്കു നേരെ വാഹനം ഇടിച്ചുകയറി പോലിസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പ്രശാന്ത് ജഗ്ദേവിന്റെ വാഹനമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടർന്ന് ജനക്കൂട്ടം എംഎല്‍എയെ മർദ്ദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്ദേവ് എസ്‌യുവിയുമായി എത്തിയതെന്ന് പോലിസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്ദേവിന്‍റെ വാഹനം എത്തിയപ്പോള്‍ പോലിസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് എംഎല്‍എ വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
എംഎല്‍എ വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ആളുകളെ ഇടിച്ചിടുകയായിരുന്നുവെന്നും അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റെന്നും സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോള്‍ പറഞ്ഞു. "ബാന്‍പുര്‍ പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടം എംഎല്‍എയെ മര്‍ദിച്ചു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്", അദ്ദേഹം പറഞ്ഞു.