ലോട്ടറി തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വില്‍പ്പനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; സംഭവം കൊല്ലത്ത്

കൊല്ലം ശാസ്താകോട്ട ശൂരനാട് വടക്കാണ് സംഭവം. ചക്കുവള്ളി പുതിയകാവ് റോഡില്‍ കെസിബി ജംഗ്ഷന് സമീപമുള്ള പാല്‍ സൊസൈറ്റിയുടെ അടുത്താണ് ഇരുമ്പ് തട്ടില്‍ സ്ത്രീ ലോട്ടറി വില്‍പന നടത്തി വരുന്നത്.

Update: 2022-10-04 16:56 GMT

കൊല്ലം: ലോട്ടറി വില്‍പ്പന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വില്‍പ്പനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമം. ഇവരെ സഹായിക്കാന്‍ എത്തിയ സഹോദരിയുടെ മകന്‍ ലോട്ടറി തട്ട് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വീണതോടെയാണ് സംഭവം അറിഞ്ഞത്.

കൊല്ലം ശാസ്താകോട്ട ശൂരനാട് വടക്കാണ് സംഭവം. ചക്കുവള്ളി പുതിയകാവ് റോഡില്‍ കെസിബി ജംഗ്ഷന് സമീപമുള്ള പാല്‍ സൊസൈറ്റിയുടെ അടുത്താണ് ഇരുമ്പ് തട്ടില്‍ സ്ത്രീ ലോട്ടറി വില്‍പന നടത്തി വരുന്നത്. ഇവര്‍ ദിവസവും വൈകീട്ട് ലോട്ടറി വില്‍പ്പന കഴിഞ്ഞാല്‍ തട്ട് എടുത്ത് സമീപത്തുള്ള സൊസൈറ്റിയില്‍ വച്ചിട്ടാണ് പോവുക. ചൊവ്വാഴ്ച രാവിലെ ഇവരെ സഹായിക്കാന്‍ ശ്രമിച്ച സഹോദരിയുടെ മകന്‍ ലോട്ടറി തട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് വീഴുകയായിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് വയര്‍ ഉപയോഗിച്ച് ലോട്ടറി തട്ടുമായി ബന്ധിപ്പിച്ച നിലയില്‍ കണ്ടത്. വിവരം ശൂരനാട് കെഎസ്ഇബി ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലാണ് ക്രൂരകൃത്യം പ്ലാന്‍ ചെയ്തതെന്ന് സംശയിക്കുന്നതായി കെഎസ്ഇബി സബ് എഞ്ചിനീയര്‍ പറഞ്ഞു.

Tags:    

Similar News