2021 ല്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം
2020-'21 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ്. 34,402 കോടിരൂപയുടെ വായ്പകള്‍.
മുംബൈ: 2020-'21 സാമ്പത്തികവര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്, 1.32 ലക്ഷം കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020-'21 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ്. 34,402 കോടിരൂപയുടെ വായ്പകള്‍. യൂണിയന്‍ ബാങ്ക് 16,983 കോടി, പിഎന്‍ബി. 15,877 കോടി എന്നിങ്ങനെ എഴുതിത്തള്ളി. സ്വകാര്യമേഖലയില്‍ 12,018 കോടി രൂപയുമായി ആക്‌സിസ് ബാങ്കാണ് മുന്നില്‍. ഐസിഐസിഐ ബാങ്കിനിത് 9,507 കോടിയും എച്ച്ഡിഎഫ്സി ബാങ്കിന് 9,289 കോടി രൂപയുമാണ്.
2021 ഡിസംബര്‍ 31-ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി. 2018 മാര്‍ച്ച് 31 ന് ഇത് 8.96 ലക്ഷംകോടി രൂപയായിരുന്നു.
റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാബാങ്കുകള്‍ 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തികവര്‍ഷം വരെ കാലയളവില്‍ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി കൂടുതല്‍ വായ്പാത്തുക എഴുതിത്തള്ളിയത് എസ്ബിഐ ആണ്. ആകെ 1.46 ലക്ഷം കോടി രൂപ. പിഎന്‍ബി. 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂനിയന്‍ ബാങ്ക് 49,449 കോടിയും എഴുതിത്തള്ളിയത്.