നരബലി നടത്തിയ ഭഗവല്‍ സിങ് സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം
കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. പിന്നില്‍ പണമിടപാടും സംശയിക്കുന്നുണ്ട്.
തിരുവല്ല: നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിങ് സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം. ഫേസ്ബുക്കില്‍ സജീവ എഴുത്തുകാരനായ ഇയാള്‍ ഹൈക്കുകവിയും നിരവധി സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുമാണ്. നാട്ടിലെ കലാ- സാംസ്‌കാരിക മേഖലയിലും സുപരിചിതനാണ്.
കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ തിരുമ്മല്‍ വൈദ്യന്‍ ഭഗവൽ സിങ്, ഭാര്യ ലീല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു.
തൃശ്ശൂര്‍ വടക്കഞ്ചേരി സ്വദേശിയായ റോസ്ലി വീട്ടുകാരുമായി പിണങ്ങിയ ശേഷം ലോട്ടറി വില്‍പ്പനയ്ക്കായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയിലെത്തുന്നത്. ഇവിടെ ഒരു പങ്കാളിക്കൊപ്പം വാടകയ്ക്ക് താമസിക്കുകായിരുന്നു. ആഗസ്തില്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ കാലടി പോലിസില്‍ പരാതി നല്‍കിയിരുന്നു.
ഈ മിസ്സിങ് കേസ് കാലടി പോലിസ് അന്വേഷിച്ചു വരികയായിരുന്നു. കൊച്ചി പൊന്നുരുത്തി പഞ്ചവടി കോളനിയിലെ പത്മ( 52)ത്തെ കാണാതാകുന്നത് സപ്തംബര്‍ 26നാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായ കേസില്‍ കടവന്ത്ര പോലിസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. കേസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയിലെത്തിയത്.
തിരുമ്മ് ചികിൽസയ്‌ക്കൊപ്പം ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവൽ സിങ്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. പിന്നില്‍ പണമിടപാടും സംശയിക്കുന്നുണ്ട്.