ക്ഷേത്രത്തില്‍ ബുദ്ധ ശില്‍പം കണ്ടെത്തി: പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം; പൂജകള്‍ നിര്‍ത്തി
ചെന്നൈ: ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത് ബുദ്ധ ശില്‍പമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തിവച്ച് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. സേലം ജില്ലയിലെ പെരിയേരി വില്ലേജിലെ കോട്ടായി റോഡിലുള്ള തലൈവെട്ടി മുനിയപ്പന്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം ബുദ്ധന്റെതാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.
ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് കോടതി തടഞ്ഞു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പ് തലൈവെട്ടി മുനിയപ്പന്റെ ശില്‍പമായി പൂജകള്‍ നടത്താന്‍ അനുവദിക്കുന്നത് ബുദ്ധമതത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.
പുരാവസ്തു വകുപ്പ് ശില്‍പം സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷം ശില്‍പം ബുദ്ധന്റെ മഹാലക്ഷണങ്ങള്‍ ഉള്ളതായി നിഗമനത്തിലെത്തി. ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം, ഈ ശില്‍പത്തെ തലൈവെട്ടി മുനിയപ്പന്‍ ആയി കണക്കാക്കുന്നത് തുടരാന്‍ എച്ച്ആര്‍ & സിഇ വകുപ്പിനെ അനുവദിക്കുന്നത് ഉചിതമല്ല. ശില്‍പം ബുദ്ധന്റേതാണ് എന്ന നിഗമനത്തില്‍ എത്തിയതിന് ശേഷം തെറ്റായ ഐഡന്റിറ്റി തുടരാന്‍ അനുവദിക്കാനാവില്ല. ഇത് കണക്കിലെടുത്ത്, യഥാര്‍ത്ഥ പദവി പുനഃസ്ഥാപിക്കുകയും, എച്ച്ആര്‍ & സിഇ ഡിപ്പാര്‍ട്ട്‌മെന്റിന് അനുമതി നല്‍കുകയും, ശില്‍പത്തെ തലൈവെട്ടി മുനിയപ്പനായി തുടര്‍ന്നും പരിഗണിക്കുന്നത് ഉചിതമല്ല, അത് ബുദ്ധമതത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്'. ഹൈക്കോടതി നിരീക്ഷിച്ചു.
തലൈവെട്ടി മുനിയപ്പന്‍ ക്ഷേത്രത്തിനുള്ളിലെ പ്രതിമ ബുദ്ധന്റെതാണെന്നും വര്‍ഷങ്ങളായി ബുദ്ധമത വിശ്വാസികള്‍ ആരാധിക്കുന്ന പ്രതിമയാണെന്നും ഹരജിക്കാരന്‍ വാദിച്ചിരുന്നു. കാലക്രമേണ, ഈ പ്രതിമ ഒരു ഹിന്ദു ദേവതയാക്കി മാറ്റുകയും ഹിന്ദുക്കള്‍ ആരാധിക്കുകയും ചെയ്തു.
പ്രതിമ ബുദ്ധന്റെതാണോ അല്ലയോ എന്ന വിവാദം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം കോടതിക്ക് വിധിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ക്ഷേത്രം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഹരജിക്കാരന് വ്യക്തിപരമായി വാദം കേള്‍ക്കാനുള്ള അവസരം നല്‍കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ലഭ്യമായ പുരാവസ്തുശാസ്ത്രപരവും ചരിത്രപരവുമായ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം, ബുദ്ധന്റെ നിരവധി മഹാലക്ഷണങ്ങള്‍ (മഹത്തായ സ്വഭാവങ്ങള്‍) ശില്‍പത്തിന് ഉള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് ബുദ്ധന്റെ പ്രതിമയാണെന്ന് സ്ഥിരീകരിച്ചതിനാല്‍, അതിനെ ക്ഷേത്രമായി കണക്കാക്കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
വസ്തുവിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അതിനുള്ളിലെ ശില്‍പം ബുദ്ധന്റേതാണെന്ന് കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാനും പുരാവസ്തു വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെന്നും എന്നാല്‍ ശില്‍പത്തിന് പൂജകളോ മറ്റ് ചടങ്ങുകളോ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.