മഹാമാരിയെ ചെറുക്കാനുള്ള 'ക്വാറന്റയ്ന്‍' മാതൃക മുഹമ്മദ് നബിയുടേത് -പ്രശംസിച്ച് ലോകമാധ്യമങ്ങള്‍
പകര്‍ച്ചാവ്യാധികളെ തടയാന്‍ 'ക്വാറന്റയ്ന്‍' ആദ്യമായി നിര്‍ദേശിച്ച മുഹമ്മദ് നബിയുടെ അധ്യാപനങ്ങളെ കുറിച്ച് ന്യൂസ് വീക്ക്, സിഎന്‍എന്‍ അറബിക് തുടങ്ങിയ മാധ്യമങ്ങള്‍.
-നവാസ് അലി
കോഴിക്കോട്: ഐസോലേഷന്‍, ക്വാറന്റയില്‍ എന്നീ പദങ്ങള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന കാലമാണ് ഇത്. കൊറോണയെ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ് രോഗികളെ മാറ്റി പാര്‍പ്പിക്കല്‍. വൈദ്യശാസ്ത്രം എന്ന പേര് പോലും വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നതിനു മുന്‍പ് 1400 വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞ കാര്യങ്ങളാണ് കൊറോണക്കാലത്ത് ലോകം നടപ്പിലാക്കുന്നത് എന്ന് റിപോര്‍ട്ട് ചെയ്തത് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്ക് ആണ്.
മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ 'ഐസൊലേഷന്‍' 'ക്വാറന്റയിന്‍' എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നാണ് മാര്‍ച്ച് 17 ന് അമേരിക്കന്‍ ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകം അല്‍ഭുതത്തോടെയാണ് ഈ റിപോര്‍ട്ട് ശ്രദ്ധിച്ചത്. വന്‍ പ്രതികരണങ്ങള്‍ക്കും ഇത് വഴിയൊരുക്കി. സൗദിയിലെ അറബ് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഹമ്മദ് നബി നിര്‍ദേശിച്ച 'ക്വാറന്റയിന്‍' പ്രാക്ടീസിങ് അത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ അധ്യാപനമാണെന്നാണ് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പ്രവാചക അധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നുവെന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്നാണ് വിലയിരുത്തല്‍.
'മഹാമാരി തടയാന്‍ പ്രാര്‍ത്ഥന മാത്രം മതിയോ?' എന്ന തലവാചകത്തിലുള്ള ലേഖനം, മനുഷ്യന്‍ ചെയ്യേണ്ടുന്ന മുന്‍കരുതലുകളും ജാഗ്രതയുമാണ് പ്രാര്‍ത്ഥനയ്ക്ക് മുമ്പായി വേണ്ടതെന്ന് ചൂണ്ടികാണിക്കുന്നു. മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ലേഖകന്‍ 'ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍ ഭാരമേല്‍പിക്കേണ്ടത്' എന്ന മുഹമ്മദ് നബിയുടെ പ്രസിദ്ധമായ വചനവും ഉദ്ധരിക്കുന്നുണ്ട്.
കോവിഡ് വിഷയത്തില്‍ സിഎന്‍എന്‍ അറബി ചാനല്‍ അടുത്തിടെ പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 'പകര്‍ച്ച വ്യാധി ഉണ്ടാകുമ്പോള്‍ അത് തടയാന്‍ വ്യക്തിശുചിത്വവും ക്വാറന്റയിനും നിര്‍ദേശിച്ച ഒരാളെ അറിയാമോ?' എന്ന് ചോദിച്ച ചാനല്‍ അവതാരകന്‍ അത് മുഹമ്മദ് നബിയാണെന്ന് പറഞ്ഞതാണ് ലേഖകന്‍ ഉദ്ധരിച്ചത്.
'1400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാരകമായ പകര്‍ച്ച വ്യാധി നേരിടുന്ന അവസ്ഥയില്‍ മുഹമ്മദ് നബി പറഞ്ഞത് ലോകം അല്‍ഭുതത്തോടെയാണ് ഇന്ന് കാണുന്നത്. 'നിങ്ങള്‍ ഒരു പ്രദേശത്ത് പകര്‍ച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാല്‍, അവിടേയ്ക്കു പോകരുത്, നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തു പോവുകയും ചെയ്യരുത്' എന്ന പ്രവാചക വാക്യത്തിലധികമായി പകര്‍ച്ചവ്യാധി മുന്‍കരുതലിനെ കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിനും ഒന്നും പറയാനില്ല.
പകര്‍ച്ചാവ്യാധി ബാധിച്ചവരെ അതില്ലാത്തവരില്‍ നിന്ന് അകറ്റി നിര്‍ത്തണം' എന്ന നബിവചനവും ന്യൂസ് വീക്ക് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. രോഗം വന്നവനും ആരോഗ്യവാനും തമ്മില്‍ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയോടൊപ്പം വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്' എന്ന അദ്ദേഹത്തിന്റെ വാചകം ലേഖകന്‍ ഉദ്ധരിച്ചു. 'ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല' , 'ആഹാരം കഴിക്കുന്നതിന് മുമ്പും പിന്‍പും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത' തുടങ്ങിയ പ്രവാചക ഉപദേശങ്ങളും ന്യൂസ് വീക്ക് ലേഖനത്തിലുണ്ട്.
കൊറോണയെ ചെറുക്കാനും വൈറസ് മൂലമുള്ള രോഗബാധ തടയുന്നതിനും പ്രധാനമായി പറയുന്നത് കൈ കഴുകുന്നതിനെ കുറിച്ചാണ്. മുസ്‌ലിംകള്‍ ദിവസവും വിവിധ സമയങ്ങളിലായുള്ള അഞ്ചു നേരത്തെ നമസ്‌ക്കാരത്തിനു മുന്‍പ് മൂന്നു പ്രാവശ്യം വീതമാണ് കൈയും മുഖവും കൈകാലുകളും കഴുകുന്നത്. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നുവരെ പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളോരോന്നും കൊറോണക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.