അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിനെതിരെ സിബിഐ അന്വേഷണം തുടരാന്‍ അനുമതിയില്ല
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി. കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹരജി കോടതി തള്ളി.
നേരത്തേ ബിജെപി സര്‍ക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹരജികള്‍ ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.