കാരവനില്‍ യുവാക്കള്‍ മരിച്ച സംഭവം; കൊലയാളി കാര്‍ബണ്‍ മോണോക്‌സൈഡെന്ന് റിപോര്‍ട്ട്

Update: 2025-01-03 13:55 GMT

വടകര: കോഴിക്കോട് വടകരയില്‍ ലക്ഷ്വറി കാരവനില്‍ യുവാക്കള്‍ മരിക്കാന്‍ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയെന്ന് എന്‍ഐടി വിദഗ്ധ സംഘം. കാരവനിലെ ജനറേറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പ്ലാറ്റ്‌ഫോമിലെ ദ്വാരത്തിലൂടെയാണ് വാഹനത്തിന് അകത്തേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറിനകം 957 പിപിഎം(പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഡിസംബര്‍ 23നാണ് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലുമാണ് മരിച്ചുകിടന്നിരുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ്‌ മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണവും രുചിയും നിറവുമില്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡ് അടച്ചിട്ട മുറിയില്‍ ഒമ്പത് പിപിഎം വരെ മാത്രമാണ് സുരക്ഷിതം. 200 പിപിഎം എത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. 800 പിപിഎം എത്തിയാല്‍ മിനുട്ടുകള്‍ക്കകം മരണം സംഭവിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. വായുവില്‍ ഒരു വാതകത്തിന്റെ അളവ് അളക്കുന്ന പരിമാണ രീതിയാണ് പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ അഥവാ പിപിഎം.

Tags:    

Similar News