ബിവറേജസില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ചു തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബിവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല.
കോട്ടാത്തല സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടതായി പരാതിപ്പെട്ടത്. തുടര്‍ന്ന് കൊല്ലം എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ചു തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബിവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല.
ദിവസങ്ങള്‍ക്കു മുന്‍പാണ് എഴുകോണ്‍ ബിവറേജസില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തുമൊത്ത് മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എന്നാല്‍, ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച മറ്റാര്‍ക്കെങ്കിലുമോ കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് കൊല്ലം ഡപ്യൂട്ടി കമ്മിഷണര്‍ ബി സുരേഷ്, അസി.കമ്മിഷണര്‍ വി റോബര്‍ട്ട്, സിഐ പി എ സഹദുല്ല, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.