ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി(എന്‍എംഎംഎല്‍)യുടെ പേരുമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം. നെഹ്‌റുവിന്റെ പൈതൃകത്തെ 'നിഷേധിക്കുക, വളച്ചൊടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, നശിപ്പിക്കുക' എന്ന ഒരൊറ്റ അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി(എന്‍എംഎംഎല്‍)യുടെ പേര് മാറ്റി 'പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി' എന്നാക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. സ്വാതന്ത്ര്യസമരത്തിലെ നെഹ്‌റുവിന്റെ മഹത്തായ സംഭാവനകളും ഇന്ത്യന്‍ ദേശീയരാഷ്ട്രത്തിന്റെ ജനാധിപത്യ, മതേതര, ശാസ്ത്രീയ, ഉദാരവല്‍ക്കരണ അടിത്തറ കെട്ടിപ്പടുക്കുന്നതിലെ അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളും ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ മോദിക്കാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മ്യൂസിയത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ പകുതിയോടെ സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പിഎംഎംഎല്‍ സൊസൈറ്റി എന്നാക്കാന്‍ തീരുമാനിച്ചത്. പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചെന്നുമാണ് അധികൃതര്‍ പറഞ്ഞത്. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.