പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; അഞ്ച് മുന്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക്
ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കറിനു പിന്നാലെ അഞ്ച് മുന്‍ മന്ത്രിമാര്‍ കൂടി ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുകള്‍. മുന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ ഗുര്‍പ്രീത് സിങ് കംഗാര്‍, ബല്‍ബീര്‍ സിങ് സിദ്ദു, രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ശ്യാം അറോറ, കേവല്‍ ധില്ലന്‍ എന്നിവരാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്.
അഞ്ചുപേരും 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടവരാണ്. മറ്റ് അഞ്ച് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കൊപ്പം അകാലിദള്‍ നേതാവ് സരൂപ് സിംഗ്ലയും ശനിയാഴ്ച ബിജെപിയില്‍ ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പഞ്ചാബ് ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ അധ്യക്ഷനാവും. ബിജെപിയില്‍ ചേരാനായി ചണ്ഡീഗഡിലെ പാര്‍ട്ടി ആസ്ഥാനത്ത് മന്ത്രിമാരെത്തും. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് പഞ്ച്കുളയില്‍ നടക്കുന്ന 'ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്- 2021' അമിത് ഷാ ഉദ്ഘാടനം ചെയ്യും.