കൊറോണ വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കാമെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍; അവര്‍ ഗിനിപ്പന്നികളല്ല, രൂക്ഷ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന
കൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധ മരുന്നിന്റെയും പരീക്ഷണം ആഫ്രിക്കന്‍ ജനതയില്‍ നടത്താനാവില്ലെന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി
ന്യൂയോര്‍ക്ക്: കൊറോണ വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കാമെന്ന രണ്ടു ഫ്രഞ്ച് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ 'വംശീയമെന്ന്' അപലപിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍,
ഡോ. ടെഡ്രോസ് അദനോം ഗെബ്രിയേസസ്. കൊറോണ വാകിസ്ന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കാമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ ഒരു ടിവി ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ലോകാരോഗ്യ സംഘടന ശക്തമായി രംഗത്തുവന്നത്. കൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധ മരുന്നിന്റെയും പരീക്ഷണം ആഫ്രിക്കന്‍ ജനതയില്‍ നടത്താനാവില്ലെന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി.കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ഇതുവരെ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതെന്നും 21ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുയര്‍ന്നത് ലജ്ജാവഹമാണെന്നും ഇത്തിരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. ടെഡ്രോസ് ആവശ്യപ്പെട്ടു.
ഫ്രഞ്ച് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് കൊവിഡ്19 നെതിരെയുള്ള വാക്സിന്‍ ആഫിക്കന്‍ ജനങ്ങളില്‍ പരീക്ഷിക്കാമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയതോടെ പരാമര്‍ശത്തില്‍ ഒരു ഡോക്ടര്‍ ക്ഷമാപണം നടത്തിയിരുന്നു.ആഫ്രിക്കയിലുള്ള ജനങ്ങളെ ഗിനി പന്നികളെ പോലെയാണ് മറ്റു ഭൂഖണ്ഡങ്ങളിലുള്ളവര്‍ നോക്കിക്കാണുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
കൊറോണ വൈറസിനെതിരെയുള്ള പരീക്ഷണങ്ങള്‍ക്കായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി രാജ്യങ്ങള്‍ പരീക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഇതില്‍ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. ഐവറി കോസ്റ്റില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു പരീക്ഷണശാല പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.