ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മൂവായിരത്തിലധികം പേര്‍ മരിച്ചു, ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സ്‌കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്.

Update: 2020-05-18 18:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊവിഡ് വൈറസ് ബാധിച്ച് ഇതുവരെ മുവായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മെയ് 31 വരെ കേന്ദ്രം നീട്ടിയ ശേഷം പല സംസ്ഥാനങ്ങളും ഇളവ് വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക ഗതാഗതം, സലൂണുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, സ്‌കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മാളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ രാജ്യത്ത് 5,242 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി.

നേരത്തേ 96,169 കേസുകളായിരുന്നു ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തിരുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്ന് മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 35,508 ആയി. 25,392 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 1,249 പേര്‍ മരിച്ചതായാണ് കണക്കുകള്‍.

മുംബൈയില്‍ ഇന്ന് 1,185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 757 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതായും ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കാത്തതിന് കാരണം കൊറോണ വൈറസ് കേസുകളിലെ വര്‍ധനയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ പ്രര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News