കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ; 15 പേര്‍ ആശുപത്രി വിട്ടു

Update: 2020-04-04 13:33 GMT

കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 21ന് ദുബയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിയായ 46കാരനാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് 19 ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. ഇവരില്‍ 15 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

    ജില്ലയില്‍ നിലവില്‍ 10,276 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 15 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 31 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികില്‍സാ കേന്ദ്രത്തിലും 10,181 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 551 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 468 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 83 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Tags:    

Similar News