കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശകങ്ങളോളം നിലനില്‍ക്കും; നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയെന്നും ഡബ്ല്യുഎച്ച്ഒ

ചൈനയില്‍ നിന്ന് ഡിസംബറില്‍ പൊട്ടിപുറപ്പെട്ട മഹാമാരി ഇതുവരെ ലോകമാകെ 6.75 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുകയും 17.3 കോടിയിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-08-01 06:57 GMT

ജനീവ: ലോകത്തെ ശ്വാസംമുട്ടിച്ച് പടര്‍ന്നുപിടിക്കുന്ന കൊവിഡ് മഹാമാരി ദശകങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയായ (ഡബ്ല്യുഎച്ച്ഒ). കൊവിഡ് ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ഡബ്ലുഎച്ച്ഒയുടെ മുന്നറിയിപ്പ്. ചൈനയില്‍ നിന്ന് ഡിസംബറില്‍ പൊട്ടിപുറപ്പെട്ട മഹാമാരി ഇതുവരെ ലോകമാകെ 6.75 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുകയും 17.3 കോടിയിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രതിസന്ധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് പറഞ്ഞു. കൊവിഡിന്റെ അനന്തരഫലങ്ങള്‍ ദശകങ്ങളോളം അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.മാസ്‌കുകള്‍ ധരിക്കുന്ന കാര്യത്തിലും വൈറസ് പകരാനിടയുള്ള സാഹചര്യത്തിലും രാജ്യങ്ങള്‍ കൈക്കൊള്ളുന്ന രീതി തെറ്റാണെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകമെമ്പാടും കൊവിഡിനെതിരായുള്ള വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. എങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് ടെഡ്രോസിന്റെ നിര്‍ദേശം. നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ആഗോളതലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയപ്പോള്‍ സാമ്പത്തിക മേഖല താറുമാറായി. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ പര്യാപ്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വളരെ മോശമായി ബാധിച്ച പല രാജ്യങ്ങളും ഇപ്പോള്‍ മഹാമാരിയുമായി മല്ലിടുകയാണ്. ആദ്യം കുറവ് ബാധിച്ച ചില രാജ്യങ്ങളില്‍ ഇപ്പോള്‍ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതായി കാണുന്നു. കൊവിഡ് പടര്‍ന്നുപിടിച്ച പല രാജ്യങ്ങളും അതിനെ നിയന്ത്രണത്തിലാക്കി. ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ വൈറസിനു കീഴില്‍ ഇരയാകുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

Tags:    

Similar News