കൊവിഡ് 19: ഊഷ്മളമായ അഭിവാദനങ്ങളില്ല, വിജനമായി ചര്‍ച്ചുകളും മസ്ജിദുകളും; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്ത് വിശ്വാസി സമൂഹം

ലോകമാകെ ഭീതി വിതച്ച് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകാരോഗ്യ സംഘടനയും വിവിധ ഭരണകൂടങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ അതിനു പൂര്‍ണ പിന്തുണയേകി അത്തരം ശ്രമങ്ങളുമായി കൈകോര്‍ക്കുകയാണ് ലോകമെങ്ങുമുള്ള വിശ്വാസി സമൂഹവും.

Update: 2020-03-19 16:57 GMT

ലണ്ടന്‍: കൊറോണ വൈറസിനെ പിടിച്ച് കെട്ടാന്‍ കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഞായറാഴ്ച വാള്‍സ്ട്രീറ്റിലെ ട്രിനിറ്റി ചര്‍ച്ചിലെ പുരോഹിതന്‍ ഫാദര്‍ റവ. ക്രിസ്റ്റിന്‍ കൗള്‍ബാക്ക് മൈല്‍സ്, മാന്‍ഹാട്ടനിലെ ഗോതിക് ശൈലിയിലുള്ള ചര്‍ച്ചിലെ അള്‍ത്താരയില്‍നിന്നുള്ള പ്രഭാഷണം. എന്നാല്‍, ഇടവകക്കാരാരും ഇത് ശ്രവിക്കാന്‍ ഹാളില്‍ ഉണ്ടായിരുന്നില്ല.


ന്യൂയോര്‍ക്കിലെ റോമന്‍ കത്തോലിക്കാ അതിരൂപതയുടെ ആസ്ഥാനമായ സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍, ഫിഫ്ത്ത് അവന്യൂ പ്രെസ്‌ബൈറ്റീരിയന്‍ ചര്‍ച്ച്, ന്യൂയോര്‍ക്ക് എപ്പിസ്‌കോപ്പല്‍ രൂപതയുടെ ആസ്ഥാനമായ സെന്റ് ജോണ്‍ ഡിവിഷന്‍ കത്തീഡ്രല്‍ തുടങ്ങി ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളില്‍ ഞായറാഴ്ച സമാന രംഗങ്ങളാണ് അരങ്ങേറിയത്. ഇസ്‌ലാമിക വിശ്വാസികള്‍ ദിനേന അഞ്ചു തവണ സംഘടിത നസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന കള്‍ക്കും ഒത്തുചേരുന്ന മസ്ജിദുകളിലേയും യഹൂദ മതവിശ്വാസികളുടെ ശനിയാഴ്ച ശാബത്ത് പ്രാര്‍ഥന അരങ്ങേറാറുള്ള സിനഗോഗുകളിലേയും കാഴ്ചകളും വ്യത്യസ്ഥമായിരുന്നില്ല.


ലോകമാകെ ഭീതി വിതച്ച് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകാരോഗ്യ സംഘടനയും വിവിധ ഭരണകൂടങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ അതിനു പൂര്‍ണ പിന്തുണയേകി അത്തരം ശ്രമങ്ങളുമായി കൈകോര്‍ക്കുകയാണ് ലോകമെങ്ങുമുള്ള വിശ്വാസി സമൂഹവും. മത ചടങ്ങുകള്‍ റദ്ദാക്കിയും വെട്ടിച്ചുരുക്കിയും കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ നിരാശയിലാണ്ട സമൂഹത്തെ ബോധവല്‍ക്കരിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും മത മതനേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിവരുന്നുണ്ട്.



യൂറോപ്പിനും അമേരിക്കയ്ക്കുമൊപ്പം ജിസിസി രാജ്യങ്ങളിലെ വിശ്വാസി സമൂഹവും ഇക്കാര്യത്തില്‍ ഏറെ മുമ്പിലാണ്. ഇവിടങ്ങളില്‍ തെരുവുകളും മസ്ജിദുകളും ഷോപ്പിങ് മാളുകളും വിജനമാണ്. ആളില്ലാ വിമാനങ്ങള്‍ പൊതുജനാരോഗ്യ മുന്നറിയിപ്പുകളുമായി നിരന്തരം വട്ടമിട്ട് പറക്കുന്നു.അറേബ്യന്‍ രാജ്യങ്ങളില്‍ പൊതു അഭിവാദന രീതിയായ ഹസ്തദാനവും കവിളില്‍ പരസ്പരം ചുംബിക്കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണ്. യുഎഇയും ഖത്തറും മൂക്കും മൂക്കും തമ്മില്‍ സ്പര്‍ശിക്കുന്ന പരമ്പരാഗത അഭിവാദന രീതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തല്‍ക്കാലം കൈവീശി കാണിച്ചാല്‍ മാത്രം മതിയെന്നാണ് അബുദബി നല്‍കിയ ഉപദേശം. വൈറസ് വ്യാപനം ചെറുക്കുന്നതിന് മുസ്‌ലിംകളുടെ പ്രാര്‍ഥന സമ്പ്രദായങ്ങളെ കാര്യമായി മാറ്റി മറിച്ചിട്ടുണ്ട്. സൗദി ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. നിരവധി രാജ്യങ്ങളില്‍ നമസ്‌കാരം വീട്ടില്‍വച്ച് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വൈറസിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ പൊതുവെ പള്ളികളില്‍ ബാങ്ക് വിളി മാത്രമായി ചുരുക്കി. സംഘടിത നമസ്‌കാരങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു. മക്കയിലും മദീനയിലും മാത്രമാണ് തുടരുന്നത് എങ്കിലും അതില്‍ പങ്കെടുക്കുന്നതിന് നിബന്ധനകളുണ്ട്.

ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിലെ (ജിസിസി) ആറ് രാജ്യങ്ങളിലായി ഇതുവരെ 900ത്തോളം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇതുവരെ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇവിടങ്ങളിലുണ്ടായിട്ടില്ല. സമീപ രാജ്യമായ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് രോഗബാധിതരില്‍ ഭൂരിഭാഗവും. ഇറാനില്‍ 700 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

പൊതുജനാരോഗ്യ ഭീഷണി നേരിടുന്ന സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയെ നേരിടാന്‍ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് ആണ് ഏറ്റവും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇറ്റലിയുടേതിനു സമാനമായി സമ്പൂര്‍ണ യാത്രാവിലക്കാണ് കുവൈത്ത് ഏര്‍പ്പെടുത്തിയത്.കുവൈത്ത് സിറ്റിയില്‍ ഡ്രോണുകള്‍ വഴി ഒന്നിലധികം ഭാഷകളില്‍ മുന്നറിയിപ്പ് നല്‍കുകയും വീടുകളിലേക്ക് മടങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കു ന്നു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഹൃദയഭാഗം ഇപ്പോള്‍ ശാന്തമാണ്. റിയാദി ലും ജിദ്ദയിലും ഷോപ്പിംഗ് കേന്ദ്രങ്ങളും വിജനമാണ്.ഗള്‍ഫ് രാജ്യങ്ങള്‍ സിനിമാശാലകളും മറ്റ് വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടി. നിരവധി ജിമ്മുകളും സ്പാകളും അടച്ചു കഴിഞ്ഞു. അതോടൊപ്പം പ്രദേശത്തെ പ്രിയ വിനോദങ്ങളിലൊന്നായ ഹുക്ക വലി കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.

Tags:    

Similar News