കൊവിഡ്: രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്
ഇന്ത്യയില്‍ കൊവിഡ് രോഗത്തിന്റെ കണക്ക് പാരമ്യതയിലെത്തുന്നതിനു ഇനിയും ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്ന് എപ്പിഡെമിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
ന്യൂഡല്‍ഹി: കൊവിഡ് രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തായി. രാജ്യത്ത് ഞായറാഴ്ച വൈകീട്ടത്തെ കണക്ക് കൂടി പുറത്തുവിട്ടതോടെ രോഗബാധിതരുടെ എണ്ണം 6.9 ലക്ഷമായി. റഷ്യയില്‍ 6.8 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്നും അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല (ജെഎച്ച്‌യു) വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയ്ക്ക് മുന്നില്‍ യുഎസും ബ്രസീലും മാത്രമാണുള്ളത്. യുഎസില്‍ 28 ലക്ഷത്തിലേറെയും ബ്രസീലില്‍ 15 ലക്ഷത്തിലേറെയും കൊവിഡ് കേസുകളാണു റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയില്‍ ഞായറാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 613 മരണങ്ങളും 25,000 രോഗബാധിതരുമുണ്ട്. ജനുവരി അവസാനവാരം ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ശക്തമായ മഴ തുടരുന്ന പടിഞ്ഞാറന്‍, തെക്കന്‍ ഭാഗങ്ങളില്‍ അണുബാധകള്‍ വര്‍ധിച്ചതോടെ മരണസംഖ്യ ഇന്ത്യയില്‍ 19,268 ആയി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കാരണം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ ഒറ്റ ദിവസം 7,000 പുതിയ കേസുകളും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും യഥാക്രമം 4,200, 2,500 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊറോണ നിയന്ത്രണത്തിനു മാര്‍ച്ച് മാസം ഇന്ത്യ ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ലഘൂകരിക്കുകയായിരുന്നു. ഇന്ത്യയില്‍ കൊവിഡ് രോഗത്തിന്റെ കണക്ക് പാരമ്യതയിലെത്തുന്നതിനു ഇനിയും ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്ന് എപ്പിഡെമിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Coronavirus: India Overtakes Russia As Third Worst-Hit Nation In COVID-19 Tally