കോവിഡ് 19: ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

പുതിയ തടവുകാരെ ജയിലില്‍ പ്രവേശിപ്പിച്ച് ആറു ദിവസം അഡ്മിഷന്‍ ബ്‌ളോക്കില്‍ പ്രത്യേകം താമസിപ്പിക്കാനും ഡിജിപിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Update: 2020-03-09 17:25 GMT

തിരുവനന്തപുരം: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷന്‍ മുറികളിലേക്ക് മാറ്റും. പുതിയ തടവുകാരെ ജയിലില്‍ പ്രവേശിപ്പിച്ച് ആറു ദിവസം അഡ്മിഷന്‍ ബ്‌ളോക്കില്‍ പ്രത്യേകം താമസിപ്പിക്കാനും ഡിജിപിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജയില്‍ മെഡിക്കല്‍ ഓഫിസറോ ഹെല്‍ത്ത് വിസിറ്ററോ എല്ലാ ദിവസവും ഓപിയ്ക്കു ശേഷം അഡ്മിഷന്‍ ബ്ലോക്കിലെ തടവുകാരെ സന്ദര്‍ശിക്കും. ഉദ്യോഗസഥരുടെ യോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തടവുകാരെ കാണാനെത്തുന്ന സന്ദര്‍ശകരുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തും. പരോളിനു ശേഷം എത്തുന്ന തടവുകാരെയും അഡ്മിഷന്‍ ബ്ലോക്കില്‍ പ്രത്യേകം പാര്‍പ്പിക്കും. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത തടവുകാരേയും മറ്റു ജയിലുകളിലേക്ക് അയയ്ക്കുന്നവരെയും പകല്‍ മാത്രം മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു ബ്ലോക്കിലെ തടവുകാരന്‍ മറ്റൊരു ബ്ലോക്കിലേക്ക് പോകാന്‍ അനുവദിക്കില്ല. വാട്ടര്‍ ടാങ്കുകളും കിണറുകളും ക്‌ളോറിനേറ്റ് ചെയ്യും. കിച്ചണ്‍ ബ്ലോക്കില്‍ ജോലി ചെയ്യുന്നവരെ ഒരു സ്ഥലത്ത് ഒരുമിച്ച് പാര്‍പ്പിക്കും. ജയിലില്‍ നിന്ന് ചികില്‍സയ്ക്കായി നേരിട്ട് മെഡിക്കല്‍ കോളജിലേക്ക് തടവുകാരെ അയയ്ക്കാതെ റഫറല്‍ യൂനിറ്റ് ആശുപത്രിയിലേക്ക് ആദ്യം അയയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News