ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75,000ത്തിലേക്ക്; മരണം 2,415

മഹാരാഷ്ട്രയാണ് ഏറ്റവും രൂക്ഷമായി രോഗം ബാധിച്ചത്, മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു.

Update: 2020-05-13 04:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74,281 ആയി. ഇതില്‍ 24,386 പേര്‍ക്ക് രോഗം ഭേദമായതായും 47,492 പേര്‍ മാത്രമാണ് ഇനി ചികില്‍സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ദിവസത്തിനുള്ളില്‍ 3,525 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,415 ആയി. 24 മണിക്കൂറിനിടെ 122 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവുമധികം വൈറസ് ബാധയുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തേയ്ക്ക് കടന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ആറ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെയാണവ. മഹാരാഷ്ട്രയാണ് ഏറ്റവും രൂക്ഷമായി രോഗം ബാധിച്ചത്, മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 921 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണങ്ങളും റിപോര്‍ട്ട് ചെയ്തതു. ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 962 ആയി. ഇതുവരെ 31 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 8541 ആയി ഉയര്‍ന്നു. 537 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 524 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 7639 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 86 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 8718 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 716 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 510 കേസും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 59 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Tags:    

Similar News