മെട്രോ സര്‍വീസുകള്‍ മെയ് 3 വരെ അടച്ചിടും

കൊവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇതിന് ആനുപാതികമായി മെട്രോ സര്‍വീസുകളും ഓടേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Update: 2020-04-14 12:05 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ മെയ് 3 വരെ മെട്രോ സര്‍വീസുകളും അടഞ്ഞുകിടക്കും. ലോക്ക്ഡൗണിന്റെ ആദ്യഘട്ടം അവസാനിക്കുന്ന ഏപ്രില്‍ 14 വരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇതിന് ആനുപാതികമായി മെട്രോ സര്‍വീസുകളും ഓടേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്ക് പിന്നാലെയാണ് മെയ് 3 വരെ രാജ്യത്തെ മെട്രോ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വ്യോമയാന മന്ത്രാലയമാണ് അറിയിച്ചത്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ഒന്നാംഘട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കുറവുള്ള മേഖലകളില്‍ നിയന്ത്രിതമായി ട്രെയിനുകള്‍ ഓടിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് 19 ദിവസം കൂടി സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ മെയ് മൂന്ന് വരെ പാസഞ്ചര്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണ്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 

Tags:    

Similar News