കൊറോണ വ്യാപനം: ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ ട്രംപ്; ധനസഹായം നിര്‍ത്തിവച്ചു

Update: 2020-04-15 02:10 GMT

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയമാണെന്നു ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യ്ക്കുള്ള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നു ആരോപിച്ചാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. കൊറോണ വൈറസിന്റെ വ്യാപനം കര്‍ശനമായി കൈകാര്യം ചെയ്യാതെ മൂടിവച്ചെന്നാണ് ആരോപണം. ജനീവ ആസ്ഥാനമായുള്ള ഏജന്‍സി തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് ഡാറ്റയെ ആശ്രയിക്കുന്നത് ലോകമെമ്പാടുമുള്ള കേസുകളില്‍ 20 മടങ്ങ് വര്‍ധനവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന വിധത്തിലുള്ള പരോക്ഷ പ്രതിഷേധമാണ് ട്രംപില്‍നിന്നുയര്‍ന്നത്.

    ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം യുഎസ് 400 മില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ വിഭവങ്ങള്‍ കുറയ്ക്കുന്നതിനുള്ള സമയമല്ല ഇതെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. വൈറസിനെതിരായ യുദ്ധം ജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങളെ സംഘടന തികച്ചും ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    ലോകാരോഗ്യസംഘടനയുടെ ഏറ്റവും വലിയ ദാതാക്കളാണ് യുഎസ്. അംഗത്വ ഫീസും മറ്റു സംഭാവനകളു ഉള്‍പ്പെടെ പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിലധികമാണ് അമേരിക്ക നല്‍കുന്ന ധനസഹായം. സാങ്കേതികമായി വൈറ്റ് ഹൗസിന് ധനസഹായം നല്‍കുന്നത് തടയാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഹാമാരിയുടെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതികരണം മികച്ചതല്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ 2014 ല്‍ എബോള പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ നിന്നു വിഭിന്നമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, യുഎസ് കൊവിഡ് 19 കേസുകള്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മികച്ചതാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

    നേരത്തേ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇത് വിപണിയിലും മാറ്റങ്ങളുണ്ടാക്കിയിരുന്നു. അമേരിക്കയില്‍ വൈകാതെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാവുമെന്നും വിദഗ്ധരുമായി ചര്‍ച്ച തുടരുന്നതായും യുഎസ്

പ്രസിഡന്റ് ഡോണള്‍ഡ് അറിയിച്ചിരുന്നു. അതേസമയം, കൊവിഡ് മുന്‍കരുതലെടുക്കാന്‍ വൈകിയെന്നു വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ട്രംപ് വിമര്‍ശിച്ചു. യുഎസ് ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും രോഗം പടരുന്നത് തടയാനുള്ള തീരുമാനങ്ങള്‍ വൈകിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. നിലവില്‍ ഏപ്രില്‍ 30 വരെയാണ് അമേരിക്കയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മഹാമാരിയില്‍ ഇതുവരെ ലോകവ്യാപകമായി 125,000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. ഏകദേശം 20 ദശലക്ഷം പേരെ രോഗം ബാധിച്ചതായാണു കണക്ക്.


Tags:    

Similar News