അതിവേഗം പടര്‍ന്ന് കൊവിഡ്; മരണം 38,000ത്തിലേക്ക്, നിയന്ത്രണങ്ങള്‍ നീട്ടി ഇറ്റലിയും യുഎസും

വിവിധ രാജ്യങ്ങളിലായി ഇതുവരെ 37,815 പേരാണ് മരണത്തിന് കീഴടങ്ങിയത്. 7,85,777 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്.

Update: 2020-03-31 04:41 GMT

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് മരണം 38,000ത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 37,815 പേരാണ് മരണത്തിന് കീഴടങ്ങിയത്. 7,85,777 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. അമേരിക്കയിലും ഫ്രാന്‍സിലും രോഗം അതിവേഗം പടരുകയാണ്. വൈറസ് ബാധ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ കവര്‍ന്നത് ഇറ്റലിയിലാണ്. ഇവിടെ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11597 ആണ്. തൊട്ടുപിറകിലുള്ള സ്‌പെയിനില്‍ 7,716 പേരാണ് മരിച്ചത്. മൂന്നാമതുള്ള ചൈനയ്ക്കു തൊട്ടുപിറകിലാണ് അമേരിക്ക. ചൈനയില്‍ 3,305 പേരും അമേരിക്കയില്‍ 3165 പേരുമാണ് മരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന് ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്പെയിനിലാണ്. 913 പേര്‍. ആകെ മരണം 7,716 ആയി.

സ്‌പെയിനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ 5,82,355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 29,488 പേരുടെ നില ഗുരുതരമാണ്.

രോഗവ്യാപനം വൈകാതെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നും പിന്നീട് കേസുകള്‍ കുറയുമെന്നുമാണ് സ്പെയിനിലെ ആരോഗ്യ വിദഗ്ധരുടെ നിഗമനം. 812 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 11,591 പേര്‍. ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ 418 പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ല്‍ താഴെ നിലനിര്‍ത്താനായത് നേട്ടമാണ്. ബ്രിട്ടനില്‍ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

റോമില്‍ കര്‍ദിനാള്‍ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് രോഗംസ്ഥിരീകരിച്ചു. അദ്ദേഹം മാര്‍ര്‍പ്പാപ്പയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. സ്റ്റാഫംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരീക്ഷണത്തിലാണ്. സ്പാനിഷ് രാജകുമാരി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകിരച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയാണെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News