അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി: എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ലോക്ക് ഡൗണിനെത്തുടര്‍ന്ന് തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

Update: 2020-03-30 11:58 GMT

മഞ്ചേരി: കൊറോണ വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് തൊഴിലാളികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ദിവസവും അവിടേക്ക് എത്തിക്കുക എന്നത് മാത്രമാണ് പ്രായോഗിക പരിഹാരം.

റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂ. അതിനുള്ള ചുമതല വാര്‍ഡ് മെമ്പര്‍മാര്‍ക്കും പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. അതിഥി തൊഴിലാളികളുടെ നിലവിലുള്ള പ്രശ്‌നപരിഹാരത്തിന് തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തൊഴിലാളികളെ വൃത്തിയും സൗകര്യങ്ങളുമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുക, അവരുടെ ഭക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാക്കുക, തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുദ്ധജല വിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ഈയവസരത്തില്‍ തന്നെ അവരുടെ കണക്കെടുപ്പുകള്‍ നടത്തുക, അവര്‍ക്കിടയില്‍ സൗജന്യ രോഗപരിശോധന നടത്തുക, രോഗബാധിതരെ പ്രത്യേകമായി പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും മജീദ് ഫൈസി നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News