അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
ആയങ്കിയാണ് പൊട്ടിക്കൽ സംഘത്തിലെ മുഖ്യമകണ്ണിയെന്നാണ് നോട്ടിസിൽ കസ്റ്റംസ് പറയുന്നത്. മുഹമ്മദ് ഷാഫി, കൊടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയവർക്ക് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു.
കണ്ണൂർ: സ്വർണക്കടത്തുകാർ വിമാനത്താവളം വഴി എത്തിക്കുന്ന സ്വർണം തട്ടിയെടുക്കുന്ന അർജുൻ ആയങ്കി സംഘത്തിനെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്. പൊട്ടിക്കൽ സംഘത്തിലെ മുഖ്യകണ്ണി അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് പറയുന്നുണ്ടെങ്കിലും കടത്തിയ സ്വർണവും കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ആയങ്കിയുടെ മൊബൈൽ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല.
രാമനാട്ടുകാര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്ന അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടതോടെയായിരുന്നു സജീവ സിപിഎം പ്രവർത്തകന്റെ സ്വർണക്കടത്തിനെ കുറിച്ച് പുറംലോകം അറിയുന്നത്. അന്നത്തെ സംഭവത്തിൽ രണ്ട് സ്വിഫ്റ്റ് കാറുകൾ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കാറുടമകൾക്ക് സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിനുപുറമേ പെൻഡ്രൈവ്, ഡയറി ഉൾപ്പെടെയുള്ള ചില ബാങ്ക് രേഖകളാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്.
കേസിലെ പ്രതികൾക്കെല്ലാം കസ്റ്റംസ് വിശദമായ കാരണം കാണിക്കൽ നോട്ടിസിന് നൽകിയിരുന്നു. എന്നാൽ ആയങ്കി ഉൾപ്പെടെയുള്ളവർ നോട്ടിസിന് മറുപടി നൽകിയിട്ടില്ല. ആയങ്കിയാണ് പൊട്ടിക്കൽ സംഘത്തിലെ മുഖ്യമകണ്ണിയെന്നാണ് നോട്ടിസിൽ കസ്റ്റംസ് പറയുന്നത്. മുഹമ്മദ് ഷാഫി, കൊടി സുനി, ആകാശ് തില്ലങ്കേരി തുടങ്ങിയവർക്ക് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. എന്നാൽ ഇവരുടെ പങ്ക് സ്ഥാപിക്കാനുള്ള തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.
2018 മുതൽ ആയങ്കി കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നുവെന്നാണ് പ്രതികളുടെ മൊഴികൾ. നിർണായ തെളിവായ മൊബൈൽ ഫോൺ അഴീക്കോട്ടുള്ള ഒരുസ്ഥാലത്ത് വലിച്ചെറിഞ്ഞെന്ന് ആയങ്കി നേരത്തെ സമ്മതിച്ചിരുന്നു. ഇതു കണ്ടെത്താനും കസ്റ്റംസിന് സാധിച്ചിട്ടില്ല. കേസിലെ ഏട്ട് പ്രതികളുടെ കൃത്യമായ മേൽവിലാസവും ഇതുവരെ കസ്റ്റംസിന് ലഭിച്ചിട്ടില്ല. തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.