സഭയിലെ കര്‍ഷക പ്രതിഷേധം; എളമരം കരീം, ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

Update: 2020-09-21 05:20 GMT

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സാതവ്, കെകെ രാഗേഷ്, രിപുണ്‍ ബോറ, ഡോള സെന്‍, സയിദ് നാസിര്‍ ഹുസൈന്‍, എളമരം കരീം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയാണ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.

ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവര്‍ ഈ സമ്മേളന കാലയളവ് മുഴവന്‍ സസ്‌പെന്‍ഷനിലായിരിക്കും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ അരമണിക്കൂറിലേറെ നിര്‍ത്തിവെക്കുകയും ചെയ്തു. അതിരൂക്ഷ പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയില്‍ രണ്ടു കാര്‍ഷിക പരിഷ്‌കരണ ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്. ബില്‍ പാസായതിനു ശേഷവും പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍നിന്നു പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ അകത്തു ധര്‍ണയിരുന്നു പ്രതിഷേധിച്ചു.







Tags:    

Similar News