ഡൈനസോര്‍ 'ഹൈവേ' കണ്ടെത്തി; 16.6 കോടി വര്‍ഷം പഴക്കമെന്ന് ഗവേഷകര്‍ (Video)
ലണ്ടന്‍: ഡൈനസോറുകളുടെ സഞ്ചാരപാത കണ്ടെത്തി. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ഒരു ചുണ്ണാമ്പ് ക്വോറിയിലാണ് 16.6 കോടി വര്‍ഷം മുമ്പ് ഡൈനസോറുകള്‍ സഞ്ചരിച്ചിരുന്ന പാത കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 200ല്‍ അധികം കാലടയാളങ്ങളാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ക്വോറിയില്‍ കുഴിയെടുക്കുകയായിരുന്ന ഒരു ജീവനക്കാരനാണ് ആദ്യം കാലടയാളം കണ്ടത്. തുടര്‍ന്ന് 100ഓളം പേരെ കൊണ്ടുവന്ന് ഖനനം നടത്തുകയായിരുന്നു.
Hundreds of dinosaur footprints dating back to the middle Jurassic era have been uncovered in England https://t.co/lcP2b6wDsU pic.twitter.com/tXpPo66NLy
— Reuters (@Reuters) January 2, 2025
ജുറാസിക് യുഗത്തിലേതാണ് ഈ കാലടയാളങ്ങളെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു. '' ഈ കാല്‍പ്പാടുകള്‍ ഡൈനസോറുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീഴ്ത്തുന്നു. അവയുടെ ചലനങ്ങള്‍, ഇടപെടലുകള്‍, അവര്‍ വസിച്ചിരുന്ന അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.''-ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ പ്രഫസറായ കിര്‍സ്റ്റി എഡ്ഗാര്‍ പറഞ്ഞു.
ഏകദേശം 60 അടിയോളം ഉയരമുണ്ടായിരുന്ന സസ്യഭുക്കായ സോറോപോഡ് എന്ന ഡൈനസോറിന്റെയും മാംസഭുക്കായ മെഗലോസോറസ് എന്ന ഡൈനസോറിന്റെയുമാണ് കാല്‍പാടുകള്‍. രണ്ടു സ്വഭാവമുള്ള ഇവ എങ്ങനെയാണ് ഒരു പ്രദേശത്ത് ഒരുമിച്ച് എത്തിയതെന്ന കാര്യവും ഗവേഷകര്‍ പരിശോധിക്കും.