സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം;കെണിയൊരുക്കി പെണ്‍കുട്ടിയും കുടുംബവും, ഒടുവില്‍ ഡോക്ടര്‍ പിടിയില്‍
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും കാറില്‍ കയറ്റി കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സാ(32)ണ് വ്യാഴാഴ്ച്ച ഉച്ചയോടെ പിടിയിലായതെന്ന് പോലിസ് അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലന്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പകച്ചുപോയ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും ഒത്തുകൂടി വിഷയം ചര്‍ച്ച ചെയ്തു. അവസാനം, പ്രതിയെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം അലന്റെ സന്ദേശത്തോട് പെണ്‍കുട്ടി പ്രതികരിച്ചു. കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതു വിശ്വസിച്ച അലന്‍ കണ്ണൂരില്‍ നിന്ന് കാര്‍ ഓടിച്ച് കോഴിക്കോട് എത്തി.
നഗരത്തില്‍ എത്തിയ അലന്‍ വീണ്ടും പെണ്‍കുട്ടിക്ക് സന്ദേശം അയച്ചു. കോഴിക്കോട് ബീച്ചില്‍ എത്താന്‍ പെണ്‍കുട്ടി നിര്‍ദേശിച്ചു. ഇതുപ്രകാരം ബീച്ചിലെത്തിയ അലന്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിച്ചു. ഇതോടെ പ്രദേശത്ത് പതുങ്ങി നിന്ന ബന്ധുക്കള്‍ കാര്‍ തടഞ്ഞു ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് വെള്ളയില്‍ പോലിസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചെന്നു കണ്ടെത്തിയതോടെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.