ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ രണ്ടുതവണ ചിന്തിക്കണമെന്ന് മുന്‍ മൊസാദ് മേധാവി

ഇറാഖിലെയും സിറിയയിലെയും റിയാക്ടറുകള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ വ്യോമസേനയുടെ വിജയകരമായ ആക്രമണത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും ഇറാന്റെ ആണവ പദ്ധതിക്ക് മേലുള്ള സൈനിക ആക്രമണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Update: 2021-11-26 06:10 GMT

തെല്‍ അവീവ്: പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയില്ലെങ്കില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് തെല്‍അവീവ് വിട്ടുനില്‍ക്കണമെന്ന് ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവന്‍ തമിര്‍ പര്‍ഡോ. ഹെര്‍സ്ലിയയിലെ റീച്ച്മാന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോളിസി ആന്‍ഡ് സ്ട്രാറ്റജി കോണ്‍ഫറന്‍സില്‍ പാനലിസ്റ്റായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാഖിലെയും സിറിയയിലെയും റിയാക്ടറുകള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ വ്യോമസേനയുടെ വിജയകരമായ ആക്രമണത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും ഇറാന്റെ ആണവ പദ്ധതിക്ക് മേലുള്ള സൈനിക ആക്രമണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഓപ്പറേഷന്‍ ഓപ്പറയില്‍ (1981 ലെ ഇറാഖിന്റെ ആണവ പദ്ധതിക്കെതിരെ) ചെയ്തതുപോലെ ഈ ബിസിനസ്സ് അവസാനിപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍, തങ്ങള്‍ രണ്ടുതവണ ചിന്തിക്കുന്നതാണ് നല്ലത്'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശാബ്ദക്കാലമായി ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ടെല്‍ അവീവിന്റെ നയം മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിയാലോചന കൂടാതെ വ്യക്തിപരമായി തീരുമാനിക്കുകയായിരുന്നുവെന്ന് അതേ പാനലില്‍ സംസാരിച്ച മുന്‍ മൊസാദ് മേധാവി അമോസ് യാഡ്‌ലിന്‍ കുറ്റപ്പെടുത്തി.

'ഇറാന്‍ പ്രശ്‌നം ഒരു വ്യക്തിയിലേക്ക് സ്വകാര്യവല്‍ക്കരിച്ചു' യാഡ്‌ലിന്‍ പറഞ്ഞു. 2015ലെ ഇറാനും അമേരിക്ക ഉള്‍പ്പെടെ മറ്റ് ആറ് രാജ്യങ്ങളും തമ്മിലുള്ള ആണവ കരാര്‍, ഇസ്ലാമിക് റിപ്പബ്ലിക്കിനെ അതിന്റെ ആണവ പരിപാടിയില്‍ അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കുന്നതില്‍ നിന്ന് തടഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News