സംഭല്‍ മുതല്‍ അജ്മീര്‍ വരെ; മുസ്‌ലിം ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടന്ന 2024

Update: 2024-12-31 14:00 GMT

ന്യൂഡല്‍ഹി: മുസ്‌ലിം ആരാധനാലയങ്ങള്‍ പിടിക്കാന്‍ ഹിന്ദുത്വര്‍ തീവ്രശ്രമം നടത്തിയ വര്‍ഷമായി 2024. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് മുതല്‍ ലോകപ്രശസ്തമായ അജ്മീര്‍ ദര്‍ഗയില്‍ വരെ ഈ വര്‍ഷം ഹിന്ദുത്വര്‍ കൈവെച്ചു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മിച്ച സംഭലിലെ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ അന്യായത്തില്‍ സര്‍വേക്ക് ഉത്തരവിട്ട സിവില്‍ കോടതി നടപടി ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുന്നതില്‍ എത്തി. ഇപ്പോള്‍ സംഭലില്‍ ഭരണകൂടം പലതരം വേട്ടകള്‍ തുടരുകയാണ്. വൈദ്യുതി മോഷണം, സര്‍ക്കാര്‍ ഭൂമി കൈയ്യേറല്‍, മസ്ജിദുകളുടെ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കൂടുതലാണ് തുടങ്ങി ഇല്ലാത്ത ആരോപണങ്ങള്‍ ഇല്ല. കൂടാതെ പ്രദേശത്ത് 'ക്ഷേത്രങ്ങള്‍' പുതുതായി കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്.

അജ്മീരിലെ പുരാതനമായ ദര്‍ഗ ശിവക്ഷേത്രമാണെന്ന ആരോപണവുമായി ഹിന്ദുസേനയെന്ന സംഘടന രംഗത്തെത്തിയതും വിവാദമായി. മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ഹിന്ദുസേന എന്ന സംഘടനയാണ് അന്യായം നല്‍കിയിരിക്കുന്നത്. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് വാദം. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ആവശ്യം.

ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെന്നും സര്‍വേ നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഭാഗം നല്‍കിയ ഹരജിയില്‍ നവംബറില്‍ സുപ്രിംകോടതി മസ്ജിദ് കമ്മിറ്റിയുടെ നിലപാട് തേടിയിട്ടുണ്ട്. ഗ്യാന്‍വാപി മസ്ജിദ്, കാശി വിശ്വനാഥ ക്ഷേത്രമാണെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്.

ഇന്ത്യയിലെ ഏറെ പുരാതനമായ പള്ളികളിലൊന്നാണ് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്. എന്നാണ് ഈ പള്ളി നിര്‍മിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല. എന്തായാലും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പണി കഴിപ്പിച്ചതല്ല ഗ്യാന്‍വാപി മസ്ജിദ്. ഔറംഗസീബ് ജനിക്കുന്നതിനും മുന്നേ ഈ പള്ളിഉണ്ടായിരുന്നു എന്ന നിഗമനത്തിനാണ് ചരിത്രവസ്തുതകളുടെ പിന്‍ബലമുള്ളത്. അക്ബറുടെ കാലത്ത് ഗ്യാന്‍വാപി പള്ളി ഉണ്ടായിരുന്നതായി അക്കാലത്തെ ചില ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്ത് ഈ പള്ളിയോട് ചേര്‍ന്ന് ഒരു മദ്‌റസ അഥവാ മതപഠനശാല ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് പണിതതാണ് പള്ളിയെന്ന നുണ ഹിന്ദുത്വ പണിശാലയില്‍ നിര്‍മിച്ചെടുത്തതാണ്.

ഔറംഗസീബ് ഗ്യാന്‍വാപി മസ്ജിദ് പുതുക്കിപ്പണിതിട്ടുണ്ട്. അത് നിലവിലുണ്ടായിരുന്ന പള്ളിയുടെ അടിത്തറയില്‍ തന്നെ ആയിരുന്നുതാനും. ജോന്‍പൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് ക്രി. ശേ. 1440 നു തൊട്ടുമുമ്പോ ശേഷമോ ആയിരിക്കാം പള്ളിയുടെ നിര്‍മാണം നടന്നത് എന്നാണ് ഗ്യാന്‍വാപി മസ്ജിദിനെ കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. ബ്രിട്ടിഷ് ഭരണകാലത്തും അതിനു ശേഷവും ഗ്യാന്‍വാപി മസ്ജിദ് മുസ്‌ലിം പള്ളിയായി തുടര്‍ന്നതിന് റെവന്യൂ രേഖകള്‍ തെളിവാണ്. രേഖകളില്‍ പ്ലോട്ട് നമ്പര്‍ 9130 ഗ്യാന്‍വാപി പള്ളിയാണ്.

പള്ളിക്ക് തൊട്ടടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലെ ചിലരാണ് 1991ല്‍ അന്യായം ഫയല്‍ ചെയ്തത്. ഔറംഗസീബ് ലോര്‍ഡ് വിശ്വേശ്വര്‍ ക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മിച്ചുവെന്നാണ് ഈ അന്യായം പറയുന്നത്. ഈ കേസിലെ നിയമനടപടികള്‍ സ്‌റ്റേയിലാണ്. 2021ല്‍ ഹിന്ദു സ്ത്രീകള്‍ പുതിയ അന്യായവുമായി കോടതിയിലെത്തി. മസ്ജിദിന് അകത്ത് ചില വിഗ്രഹങ്ങളുണ്ടെന്നും അവയോട് പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

പള്ളിയോട് ചേര്‍ന്ന് അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് 2022 മെയില്‍ അഡ്വക്കറ്റ് കമ്മീഷണര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഈ പ്രദേശം സീല്‍ ചെയ്യാന്‍ വാരാണസി സിവില്‍ കോടതി നിര്‍ദേശിച്ചു. വാരാണസി സിവില്‍ കോടതിയുടെ ഉത്തരവ് പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഇല്ലാതാക്കില്ലെന്നാണ് സുപ്രിംകോടതി പറഞ്ഞത്. വാരാണസി സിവില്‍ കോടതിയിലെ അന്യായങ്ങളെല്ലാം ജില്ലാ കോടതിയിലേക്ക് മാറ്റാനും സുപ്രിംകോടതി നിര്‍ദേശിച്ചു.

1991ലെ ആരാധനാലയ സംരക്ഷണ നിയമം പരിഗണിച്ച് ഹിന്ദുവിഭാഗത്തിന്റെ അന്യായം തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ 2022 സെപ്തംബറില്‍ ജില്ലാ കോടതി തള്ളി. ഈ വിധി 2023 മേയില്‍ അലഹബാദ് ഹൈക്കോടതി ശരിവച്ചു. മസ്ജിദുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗങ്ങള്‍ നല്‍കിയ മറ്റു ചില അന്യായങ്ങള്‍ നിയമപരമായി നിലനില്‍ക്കുമെന്ന് 2023 ഡിസംബറില്‍ കോടതി വിധിച്ചു. നേരത്തെ സീല്‍ ചെയ്ത ഭാഗങ്ങള്‍ ഒഴിച്ച് മറ്റു പ്രദേശങ്ങളില്‍ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന് അതിനിടെ 2023 ജൂലൈയില്‍ വാരാണസി കോടതിയും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരായ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിംകോടതി, സര്‍വേ നടത്തുന്നതില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ തടയണമെന്ന ആവശ്യവും നിരസിച്ചു.

പള്ളി കോംപ്ലക്‌സിലെ ഒരു ഭൂഗര്‍ഭ അറയില്‍ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ 2024 ജനുവരിയില്‍ വാരാണസി കോടതി അനുമതി നല്‍കി. ആ വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. മുസ്‌ലിംകളുടെ ആരാധനയിലും ഹിന്ദുക്കളുടെ ആരാധനയിലും തദ്സ്ഥിതി തുടരണമെന്ന് 2024 ഏപ്രിലില്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.

വാരാണസി ജില്ലാ കോടതിയിലെ എല്ലാ അന്യായങ്ങളും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്യായങ്ങളില്‍ വാരാണസി കോടതിയില്‍ അതിവേഗം വിചാരണ നടത്തണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. മസ്ജിദിലെ സീല്‍ ചെയ്ത ഭാഗങ്ങളില്‍ എഎസ്‌ഐ സര്‍വേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ നിലപാട് സുപ്രിംകോടതി തേടിയിട്ടുണ്ട്.

രാജ്യത്തെ പുരാതന ആരാധനാലയങ്ങളില്‍ സര്‍വേ പാടില്ലെന്ന സുപ്രിംകോടതിയുടെ ഇടക്കാല വിധിയാണ് നിലവില്‍ സര്‍വേ നടപടികള്‍ തടഞ്ഞിരിക്കുന്നത്. ബാബരി മസ്ജിദ് കേസിനെ തുടര്‍ന്ന് 1991ല്‍ കൊണ്ടുവന്ന ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹരജികളില്‍ സുപ്രിംകോടതി തീരുമാനമെടുക്കുന്നതു വരെ ഇടക്കാല ഉത്തരവ് തുടരും.

Similar News