കൊറോണ: സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക; ജര്‍മനിയില്‍ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

തോമസ് ഷേഫറി(54)നെ ശനിയാഴ്ച റെയില്‍വേ ട്രാക്കിനടുത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2020-03-29 17:05 GMT

ഫ്രാങ്ക്ഫര്‍ട്ട് ആം മെയിന്‍: കൊറോണാനന്തര സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതു സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് ജര്‍മനിയിലെ ഹെസ്സി സ്റ്റേറ്റിലെ ധനമന്ത്രി തോമസ് ഷേഫര്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയുള്ള സ്റ്റേറ്റ് പ്രീമിയര്‍ വോള്‍ക്കര്‍ ബഫിയറാണ് ഇക്കാര്യം അറിയിച്ചത്. തോമസ് ഷേഫറി(54)നെ ശനിയാഴ്ച റെയില്‍വേ ട്രാക്കിനടുത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്ന് വൈസ്ബാഡന്‍ പ്രോസിക്യൂഷന്റെ ഓഫിസ് അറിയിച്ചു.

    'ഞങ്ങള്‍ ഞെട്ടലിലാണ്, ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ല. എല്ലാറ്റിനുമുപരി ഞങ്ങള്‍ ഏറെ ദുഖിതരാണെന്നും വോള്‍ക്കര്‍ ബഫിയര്‍ റെക്കോര്‍ഡ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിന്റെ ആസ്ഥാനമാണ് ഹെസ്സി. പ്രധാന ബാങ്കുകളായ ഡച്ച് ബാങ്ക്, കൊമേഴ്‌സ് ബാങ്ക് എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഫ്രാങ്ക്ഫര്‍ട്ടിലാണ് സ്ഥിതി ചെയ്യുന്നത്. 10 വര്‍ഷമായി ഹെസ്സിയുടെ സാമ്പത്തിക മേധാവിയായിരുന്ന തോമസ് ഷേഫര്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ സാമ്പത്തിക ആഘാതം നേരിടാന്‍ കമ്പനികളെയും തൊഴിലാളികളെയും സഹായിക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്നതായി വോള്‍ക്കര്‍ ബഫിയര്‍ അനുസ്മരിച്ചു. 'അദ്ദേഹം വളരെയധികം ആശങ്കാകുലനായിരുന്നുവെന്ന് മനസ്സിലാക്കുന്നുവെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ അടുത്ത സുഹൃത്തായ വോള്‍ക്കര്‍ ബഫിയര്‍ പറഞ്ഞു. പ്രയാസകരമായ സമയത്താണ് അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രിയനായ തോമസ് ഷേഫര്‍ വോള്‍ക്കര്‍ ബഫിയറിന്റെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്.



Tags:    

Similar News