ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: വാര്‍ത്ത നല്‍കിയ ഖാദര്‍ കരിപ്പൊടിക്കെതിരേ കേസ്

Update: 2022-01-20 17:50 GMT

കാസര്‍കോട്: ഹരിദ്വാറില്‍ സന്യാസിമാര്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗം സംബന്ധിച്ച് വാര്‍ത്ത നല്‍കിതിന്റെ പേരില്‍ ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു. കാസര്‍കോട്ടെ ഓണ്‍ലൈന്‍ വാര്‍ത്താചാനലായ പബ്ലിക് കേരളയുടെ ഉടമസ്ഥന്‍ ഖാദര്‍ കരിപ്പൊടിക്കെതിരേയാണ് വിദ്യാനഗര്‍ പോലിസ് കേസെടുത്തത്. ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ടെന്നാരോപിച്ച് കാസര്‍കോട് ശിരിബാഗിലു പുളിക്കൂറിലെ സഞ്ജീവ പുളിക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വാര്‍ത്താചാനല്‍ വഴി നിരന്തരം വിദ്വേഷവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് കൂടാതെ കാസര്‍കോട് പോലിസും ഖാദര്‍ കരിപ്പൊടിക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രത്യേക അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരേ രണ്ട് കേസുകളുമെടുത്തിരിക്കുന്നതെന്ന് ഖാദര്‍ കരിപ്പൊടി പ്രതികരിച്ചു. എല്ലാ വാര്‍ത്താ ചാനലുകളും റിപോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് താനും നല്‍കിയത്. എന്നിട്ട് തനിക്കെതിരേ മാത്രമെന്തിനാണ് കേസെടുക്കുന്നത്. വിദ്യാനഗര്‍ എസ്‌ഐയെ ബന്ധപ്പെട്ടപ്പോള്‍ ചെറിയ വകുപ്പാണെന്നും പിഴ അടച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുപ്രിംകോടതി ഇടപെട്ട വിഷയമാണ്. സമാനരീതിയില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കും എസ്‌ഐയ്ക്ക് അയച്ചുകൊടുത്തു.

എന്നാല്‍, കേസില്‍ അറസ്റ്റ് ചെയ്യില്ലെന്നും നോട്ടീസ് അയക്കുമെന്നുമാണ് പോലിസ് പറഞ്ഞത്. പോലിസിന്റെ നടപടിക്കെതിരേ കാസര്‍കോട് എസ്പിക്ക് പരാതി നല്‍കും. തനിക്കെതിരേ എന്തിനാണ് കേസെടുത്തതെന്ന് അന്വേഷിക്കണമെന്നും കാസര്‍കോട് എസ്പിക്ക് നല്‍കുന്ന പരാതിയില്‍ ആവശ്യപ്പെടും. വിദ്വേഷവാര്‍ത്തകള്‍ പുറത്തുവിട്ടുവെന്നാരോപിച്ച് ഖാദര്‍ കരിപ്പോടിക്കെതിരേ മുമ്പും കേസെടുത്തിട്ടുണ്ട്. കാസര്‍കോട്ടെ ആശുപത്രി പരിസരത്ത് നടന്ന മരണവുമായി ബന്ധപ്പെട്ട് സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് മാസങ്ങള്‍ക്ക് മുമ്പ് ഖാദര്‍ കരിപ്പൊടിക്കെതിരേ കാസര്‍കോട് പോലിസ് കേസ്സെടുത്തിരുന്നു.

Tags:    

Similar News