സംഭല്‍ മസ്ജിദ് പ്രദേശത്തെ സംഘര്‍ഷം: കേസ് റദ്ദാക്കണമെന്ന സിയാവുര്‍ റഹ്മാന്‍ എംപിയുടെ ഹരജി തള്ളി

Update: 2025-01-03 13:10 GMT

അലഹബാദ്: സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിയാവുര്‍ റഹ്മാന്‍ എംപി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. എന്നാല്‍, കേസില്‍ സിയാവുര്‍ റഹ്മാനെ അറസ്റ്റ് ചെയ്യരുതെന്ന് പോലിസിന് കോടതി നിര്‍ദേശം നല്‍കി.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ അന്യായം പരിഗണിച്ച സിവില്‍കോടതി മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടിരുന്നു. നവംബര്‍ 24ന് ജയ് ശ്രീരാം വിളിച്ച് സര്‍വേ സംഘം എത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. പ്രതിഷേധിച്ച ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു.

ഇതേ തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ നിരവധി കേസുകളാണ് പോലിസ് എടുത്തത്. അതില്‍ ഒരു കേസില്‍ സിയാവുര്‍ റഹ്മാന്‍ പ്രതിയാണ്. ഈ കേസ് റദ്ദാക്കാനാണ് സിയാവുര്‍ റഹ്മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നങ്ങളുണ്ടായ സമയത്ത് താന്‍ സംഭലില്‍ ഉണ്ടായിരുന്നില്ലെന്നും ബംഗഌരുവിലായിരുന്നുവെന്നും രേഖാമൂലം കോടതിയെ അറിയിച്ചു. എന്നാല്‍, ഗൂഡാലോചന അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് പോലിസ് അറിയിച്ചു. ഇതാണ് ഹരജി തള്ളാന്‍ കാരണമായത്.

അതേസമയം, സിയാവുര്‍ റഹ്മാനെതിരേ കൂടുതല്‍ നടപടികളുമായി ജില്ലാഭരണകൂടം രംഗത്തെത്തി. സംഭലിലെ മുഹല്ല ദീപ സാരായ് പ്രദേശത്തെ സിയാവുര്‍ റഹ്മാന്റെ കെട്ടിടങ്ങള്‍ ചട്ടം പാലിക്കാതെയാണ് നിര്‍മിച്ചതെന്ന് ആരോപിച്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദനാ മിശ്ര നോട്ടീസ് നല്‍കി. ഈ നോട്ടീസിന്റെ കാലാവധി രണ്ടു ദിവസത്തിനകം അവസാനിക്കും.

Tags:    

Similar News