ഹിജാബ് വിലക്ക്: ലോക്‌സഭയില്‍ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കുമെന്ന് മുസ്‌ലിം ലീഗ് എംപിമാര്‍

ഹൈക്കോടതി വിധിയില്‍ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകള്‍ സുപ്രിംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എംപിമാര്‍ പറഞ്ഞു.

Update: 2022-03-15 12:43 GMT

ന്യൂഡല്‍ഹി: ഹിജാബ് സംബന്ധിച്ചുണ്ടായ നിര്‍ഭാഗ്യകരമായ കര്‍ണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ സുരക്ഷക്ക് വേണ്ടി സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുത അവിതര്‍ക്കിതമാണ്. ആ നിലയില്‍ മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ് എന്ന വസ്ത്രധാരണ രീതി. ആരിലും അത് അടിച്ചേല്പിക്കാനല്ല, സ്വന്തം ജീവിതത്തില്‍ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവര്‍ ആവശ്യമുന്നയിച്ചത്. അതാകട്ടെ, ഭരണഘടനയുടെയും അതിന്റെ അടിസ്ഥാന താല്‍പര്യമായ മതേതരത്വത്തിന്റെയും ആധുനിക സമൂഹം ആദരിച്ചംഗീകരിക്കുന്ന ബഹുസ്വരതയുടെയും അനിവാര്യതാല്‍പര്യവുമാണ്. ഹൈക്കോടതി വിധിയില്‍ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകള്‍ സുപ്രിംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എംപിമാര്‍ പറഞ്ഞു. ലോക്‌സഭയില്‍ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എം.പിമാര്‍ അറിയിച്ചു.

Tags:    

Similar News