ന്യൂഡല്‍ഹി: 1953ല്‍ ജോര്‍ദാനിലെ കിഴക്കന്‍ ജെറുസലേമില്‍ സ്ഥാപിച്ച ഹിസ്ബുത്തഹ്‌രീര്‍ എന്ന സംഘടനയെ യുഎപിഎ പ്രകാരം ഇന്ത്യയില്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 'ജിഹാദി'ലൂടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ഒരു ഇസ് ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിജ്ഞാപനത്തിലെ ആരോപണം. ദുര്‍ബലരായ യുവാക്കളെ തീവ്രചിന്താഗതിക്കാരാക്കുകയും ഐഎസ് പോലുള്ള സംഘടനകളില്‍ ചേരാന്‍ പ്രോല്‍സാഹിപ്പിക്കുകയും ഇതിനു വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്തതായും മന്ത്രാലയം ആരോപിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഹിസ്ബുത്തഹ്‌രീറിന് പങ്കുള്ളതായും ഓഫിസ് അറിയിച്ചു. 'ഭീകരതയോട് ഒട്ടും സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം പിന്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഹിസ്ബുത്തഹ് രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസ് എക്‌സില്‍ കുറിച്ചത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും സുരക്ഷിത ആപ്പുകള്‍ വഴിയും ദഅ്‌വ യോഗങ്ങള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ജിഹാദിലൂടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു ഇസ് ലാമിക രാഷ്ട്രവും ഖിലാഫത്തും സ്ഥാപിക്കുകയെന്ന സംഘടനയുടെ ലക്ഷ്യം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും കടുത്ത ഭീഷണിയായി കണക്കാക്കപ്പെടുന്നുവെന്നും വിജ്ഞാപനത്തില്‍ ആരോപിക്കുന്നുണ്ട്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) ആക്റ്റ്-യുഎപിഎ പ്രകാരമുള്ള നിരോധനം അതിന്റെ എല്ലാ ഘടകങ്ങള്‍ക്കും ബാധകമായിരിക്കും.
തമിഴ്‌നാട്ടില്‍ നിന്ന് ഹിസ്ബുത്തഹ്‌രീര്‍ ബന്ധം ആരോപിച്ച് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ജിഹാദിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഖിലാഫത്ത് സ്ഥാപിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വിഘടനവാദം പ്രചരിപ്പിക്കുന്നതിലും കശ്മീരിനെ മോചിപ്പിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് സൈനിക സഹായം തേടുന്നതിലും ഏര്‍പ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ ആരോപണം. ലെബനാനിലെ ബെയ്‌റൂത്ത് ആസ്ഥാനമായുള്ള സംഘടന യുനൈറ്റഡ് കിംഗ്ഡം, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 30 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനി, ഈജിപ്ത്, യുകെ, നിരവധി മധ്യേഷ്യന്‍, അറബ് രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സംഘടനയെ നിരോധിച്ചിട്ടുണ്ട്.