വളരെ ഉദാത്തമായ മാനവികബോധമാണ് ബിജെപിയുടെ അടിത്തറ: സി രവിചന്ദ്രന്‍
ആര്‍എസ്എസ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാട് കേരളത്തിലെ പത്രങ്ങളില്‍ പോസിറ്റീവായിട്ട് വരില്ല. കാരണം കേരളത്തിലെ പൊളിറ്റിക്‌സിന്റെ മൊത്തത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പ് വ്യത്യാസം ആയതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ക്കൊന്നും ഇവിടെ വലിയ കൈയടിയുണ്ടാകില്ല.
കോഴിക്കോട്: സ്വതന്ത്ര ചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ ആര്‍എസ്എസിനെ കുറിച്ചുള്ള പ്രസംഗം വൈറലാകുന്നു. രവിചന്ദ്രന്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രസംഗം വൈറലായിരിക്കുന്നത്. ബിജെപിയുടെ അടിസ്ഥാനം മാനവികതയും ഗാന്ധിസവുമാണെന്ന് രവിചന്ദ്രന്‍ വാദിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ മേയില്‍ കണ്ണൂരില്‍ നടന്ന 'ക്യൂരിയസ് 22' എന്ന പരിപാടിയിലെ പ്രസംഗഭാഗമാണ് പ്രചരിക്കുന്നത്.
2017ല്‍ ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് പറയുന്നു ഇന്ത്യയില്‍ ജനിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന്. ഇതാണ് ആര്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട്. മുസ്‌ലിമും ഹിന്ദുവാണ്, ക്രിസ്ത്യാനിയും ഹിന്ദുവാണ് എല്ലാവരും ഹിന്ദുവാണ്. കാര്യം, എല്ലാവരും ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യയില്‍ ജനിച്ചാല്‍ ഹിന്ദു. ഹിന്ദു എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞാല്‍ ഒരു ഹിന്ദു ഹിന്ദുവല്ലാതായിത്തീരും. അവന്‍ പിന്നെ ഹിന്ദുവല്ല. ആര്‍എസ്എസുകാര്‍ ഇങ്ങനെയൊക്കെ പറയുമെന്ന് നിങ്ങള്‍ക്ക് അറിയുമോ.
ആര്‍എസ്എസ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാട് കേരളത്തിലെ പത്രങ്ങളില്‍ പോസിറ്റീവായിട്ട് വരില്ല. കാരണം കേരളത്തിലെ പൊളിറ്റിക്‌സിന്റെ മൊത്തത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പ് വ്യത്യാസം ആയതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ക്കൊന്നും ഇവിടെ വലിയ കൈയടിയുണ്ടാകില്ല. വളരെ ഉദാത്തമായ മാനവികബോധം, ബിജെപിയുടെ സാധനം അതാണ്. ഏതൊരു പാര്‍ട്ടിയിലും നല്ല ആശയങ്ങളുടെ വലിയ കൂമ്പാരമാണ് ഏറ്റവും വലിയ ആയുധം. ഹമാസിനെ എടുത്തു നോക്കിക്കഴിഞ്ഞാല്‍ അതില്‍ നല്ല നല്ല കാര്യങ്ങള്‍ ഒക്കെ ഉണ്ടാകും. നാസി പാര്‍ട്ടിയില്‍ ഉണ്ടാകും. ബിജെപിയുടെ അടിസ്ഥാന മദര്‍ബോര്‍ഡ് എന്ന് പറയുന്നത് ദീനദയാല്‍ ഉപാധ്യായ കണ്ടെത്തിയ സമഗ്രമായ മാനവികതയാണ്. അതിനകത്ത് എന്താണ് ഉള്ളതെന്ന് ചോദിച്ചാല്‍, അതിനകത്തുള്ളത് ഗാന്ധിസമാണെന്നാണ് വീഡിയോയില്‍ പറയുന്നത്.
വിചാരധാരയുടെ പല ഭാഗങ്ങളും ഇനി നിലനില്‍ക്കില്ലെന്നാണ് ആര്‍എസ്എസ് പറയുന്നത്. മൊത്തത്തില്‍ ഞാന്‍ പറഞ്ഞുവരുന്നത്, ഈ ഹിന്ദുത്വ എന്ന സംഗതിയും എക്‌സ്‌ക്ലുസീവ് പ്രിന്‍സിപ്പളുമെല്ലാം തന്നെ നല്ല രീതിയിലുള്ള പരിണാമത്തിന് വിധേയമായിട്ടാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്, അതാണ് ഇന്നത്തെ ആര്‍എസ്എസിന്റെ നിലപാട് എന്നുള്ളതാണ്.' രവിചന്ദ്രന്‍ പറയുന്നു.
എന്നാല്‍ ഈ വീഡിയോക്കെതിരേ വ്യാപക വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കേരളത്തില്‍ മുസ്‌ലിം വിരുദ്ധത പടര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള പ്രഭാഷകനാണ് സി രവിചന്ദ്രനെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വീഡിയോ കൂടി ചര്‍ച്ചയായതോടെ സി രവിചന്ദ്രന്‍ സംഘപരിവാര്‍ അനുകൂലിയായെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.