നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും; ജാഗ്രതാ നിർദേശം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2382.88 അടിയാണ്. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും.

Update: 2022-08-06 08:50 GMT

ഇടുക്കി: നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 നാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2382.88 അടിയാണ്. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടുന്നതിൽ ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമാകും തീരുമാനമെടുക്കുക.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലവിതാനം ഉയർന്നു തന്നെ നിൽക്കുകയാണ്. 10 സ്പിൽവേ ഷട്ടറുകളും തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് റിപോർട്ട്. ഇടവിട്ടുള്ള മഴയും നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് താഴാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   

Similar News