രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗി സുഖം പ്രാപിക്കുന്നു; പൂനെയില്‍നിന്നുള്ള ഫലം കാത്ത് ഡോക്ടര്‍മാര്‍

ആദ്യ റിസല്‍ട്ടുകള്‍ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.

Update: 2020-02-10 17:55 GMT

തൃശ്ശൂര്‍: രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗിയായ വിദ്യാര്‍ഥിനി സുഖം പ്രാപിക്കുന്നു. ആദ്യ റിസല്‍ട്ടുകള്‍ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. തുടര്‍ച്ചയായി മൂന്ന് തവണ റിസല്‍ട്ട് നെഗറ്റീവായാല്‍ രോഗമുക്തയായെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. ചെറിയ പരിശോധനകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിനിക്ക് ആശുപത്രി വിടുകയും ചെയ്യാം. അതിന് മുമ്പ് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിക്കും.

അതിനിടെ, തൃശ്ശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തൃശ്ശൂരില്‍ നിലവില്‍ ആറു പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 234 പേര്‍ നിരീക്ഷണത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. അതിനിടെ, ഏങ്ങണ്ടിയൂരില്‍ കൊറോണ വൈറസിനക്കുറിച്ചുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അച്ഛനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ സ്വദേശി വേണുഗോപാല്‍, മകന്‍ അഖില്‍ വേണുഗോപാല്‍ എന്നിവരാണ് പിടിയിലായത്.

അതേസമയം കാസര്‍കോട് ജില്ലയില്‍ പരിശോധനയ്ക്കായി ആകെ അയച്ച 22 സാമ്പിളുകളില്‍ 21ഉം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇനി കാസര്‍കോട്ട് കൊറോണ ബാധയ്ക്ക് ചികിത്സയില്‍ തുടരുന്നത് നേരത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി മാത്രമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരില്‍ 3336 പേര്‍ വീടുകളിലും, 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 364 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 337 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.


Tags:    

Similar News