ഗള്‍ഫിലുള്ള നടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷണ സംഘം

കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചകളില്‍ സംശയം ഉള്ളതിനാല്‍ വ്യക്തത വരുത്താനായാണ് മൊഴി രേഖപ്പെടുത്തുന്നത്.

Update: 2022-04-03 09:15 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായി സൗഹൃദത്തിലുള്ള മലയാളി നടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷണ സംഘം. ഗള്‍ഫിലുള്ള നടിയോട് ഉടനെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍.

കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചകളില്‍ സംശയം ഉള്ളതിനാല്‍ വ്യക്തത വരുത്താനായാണ് മൊഴി രേഖപ്പെടുത്തുന്നത്. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി എടുത്തിരുന്നു.

അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്.

2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ ശബ്ദ സാംപിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനായാണിത്. ദിലീപിനൊപ്പം സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടതായി സുനി ജിന്‍സിനോട് ഫോണില്‍ പറഞ്ഞിരുന്നു.

Similar News