ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎന്‍ ആണവ പരിശോധകരെ പുറത്താക്കും: മുന്നറിയിപ്പുമായി ഇറാന്‍

ഉപരോധം ലഘൂകരിച്ചില്ലെങ്കില്‍ 2015ലെ ആണവ കരാര്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധന നിര്‍ത്താനും സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന ഒരു നിയമം പാര്‍ലമെന്റ് നവംബറില്‍ പാസാക്കിയിരുന്നു.

Update: 2021-01-11 06:24 GMT

തെഹ്‌റാന്‍: പാര്‍ലമെന്റ് നല്‍കിയ സമയപരിധിയായ ഫെബ്രുവരി 21 ഓടെ യുഎസ് ഉപരോധം നീക്കിയില്ലെങ്കില്‍ യുഎന്നിന്റെ ആണവ വാച്ച്‌ഡോഗ് ഇന്‍സ്‌പെക്ടര്‍മാരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഉപരോധം ലഘൂകരിച്ചില്ലെങ്കില്‍ 2015ലെ ആണവ കരാര്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധന നിര്‍ത്താനും സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന ഒരു നിയമം പാര്‍ലമെന്റ് നവംബറില്‍ പാസാക്കിയിരുന്നു.

ഡിസംബര്‍ 2ന് ഇറാനിലെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ വാച്ച്‌ഡോഗ് സമിതി നിയമം അംഗീകരിക്കുകയും ഇത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'നിയമമനുസരിച്ച്, ഫെബ്രുവരി 21നകം അമേരിക്ക സാമ്പത്തിക, ബാങ്കിംഗ്, എണ്ണ ഉപരോധം നീക്കിയില്ലെങ്കില്‍, തങ്ങള്‍ തീര്‍ച്ചയായും ഐഎഇഎ ഇന്‍സ്‌പെക്ടര്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും സ്വമേധയാ നടപ്പാക്കിയ അധിക പ്രോട്ടോക്കോള്‍ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പാര്‍ലമെന്റ് അംഗം അഹ്മദ് അമീരാബാദി ഫറാഹാനി വ്യക്തമാക്കി.

അതേസമയം, ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഇറാന് ബാധ്യതയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. 'ഇറാനിയന്‍ ഭരണകൂടം തങ്ങളുടെ ആണവ പദ്ധതി ഉപയോഗിച്ച് അന്താരാഷ്ട്ര സമൂഹത്തെ കൊള്ളയടിക്കാനും പ്രാദേശിക സുരക്ഷയെ ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്' എന്നും പോംപിയോ പറഞ്ഞു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും കരാറിന് കീഴില്‍ ഒഴിവാക്കിയിരുന്ന യുഎസ് ഉപരോധം വീണ്ടും നടപ്പാക്കിയതിനും മറുപടിയായാണ് 2019ല്‍ ഇറാന്‍ കരാറില്‍നിന്ന് പിന്‍മാറിയത്.

Tags:    

Similar News