യുഎപിഎ ചുമത്തി ആറു വര്‍ഷമായി ജയിലില്‍; രോഗങ്ങള്‍ അലട്ടുമ്പോഴും വയോധികന് പരോളും ചികില്‍സയുമില്ല
മാവോവാദി ബന്ധം ആരോപിച്ച് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത വയനാട് മേപ്പാടിക്കടുത്തുള്ള നെടുങ്കരണ സ്വദേശി ഇബ്രാഹീമാണ് വിയ്യൂര്‍ ജയിലില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് തടവില്‍ കഴിയുന്നത്.
വിയ്യൂര്‍: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ആറുവര്‍ഷമായി ജയിലില്‍ കഴിയുന്ന വയോധികന് കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിലും പരോളോ വിദഗ്ധയോ ചികില്‍സയോ ലഭ്യമാക്കുന്നില്ലെന്ന് ആരോപണം. മാവോവാദി ബന്ധം ആരോപിച്ച് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത വയനാട് മേപ്പാടിക്കടുത്തുള്ള നെടുങ്കരണ സ്വദേശി ഇബ്രാഹീമാണ് വിയ്യൂര്‍ ജയിലില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. ഇബ്രാഹിമിനെ മോചിപ്പിക്കണമെന്നം വിദഗ്ധ ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ കാംപയിന്‍ നടക്കുകയാണ്. എന്‍ഐഎ ചുമത്തിയ എസ് സി 3/2016 കേസിലാണ് 67കാരനായ ഇബ്രാഹീം ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ പോലുമില്ലാതെ നീണ്ട കാലം ജയിലില്‍ കഴിയുന്നത്. കടുത്ത പ്രമേഹ രോഗിയായ ഇദ്ദേഹത്തിനു ഹൃദ്രോഗവുമുണ്ട്. തടവിലിടുന്നതിനു മുമ്പ് തന്നെ രണ്ടുതവണ ഹൃദയാഘാതമുണ്ടായിരുന്നു. ദിവസം തോറും 22ഓളം ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കിലും പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമായിട്ടില്ല. ഇതിനാല്‍ പല്ലുകള്‍ കൊഴിഞ്ഞു പോവുകയും കേടുവരികയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തുകളഞ്ഞു. പകരം വെപ്പുപല്ലുകള്‍ വയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പല്ലുകള്‍ എടുത്തതിനാല്‍ തന്നെ ഭക്ഷണം കഴിക്കാനാവാത്തത് ശരീരത്തിന്റെ ഭാരം കുറയാന്‍ കാരണമായി. ഏഴ് കിലോ തൂക്കം കുറഞ്ഞു.
ഇബ്രാഹീമിനെതിരേ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. എന്‍ഐഎ കേസിനു പുറമെ കോഴിക്കോട് സെഷന്‍സ് കോടതി മുമ്പാകെയുണ്ടായിരുന്ന എസ് സി 548/2016 എന്ന കേസിലും അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ കോഴിക്കോട് സെഷന്‍സ് കോടതി 2020 ഒക്ടോബര്‍ 21ന് ഇദ്ദേഹം ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളുടെയും കേസ് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇപ്പോള്‍ എന്‍ഐഎ കേസ് മാത്രമാണുള്ളത്. പ്രസ്തുത കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇത്രയും കാലം തടവില്‍ കഴിയേണ്ടി വന്നത്.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയും മൂന്നാം തരംഗം കൂടി ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലാവട്ടെ കൊവിഡ് വ്യാപിക്കുന്നതിനാല്‍ പലര്‍ക്കും പരോള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രമാദമായ രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികള്‍ക്ക് പോലും ഇടക്കാല പരോള്‍ നല്‍കിയിരിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേസിലെ വിചാരണ തടസ്സപ്പെടാനും വിചാരണ തടവ് നീണ്ടു പോവാനും സാധ്യതയേറെയാണ്. അതിനാല്‍ തന്നെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നും ഇബ്രാഹീമിന് ഉടന്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കണമെന്നുമാണ് ആവശ്യമുയരുന്നത്. കൊവിഡ് കണക്കിലെടുത്ത് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ യുഎപിഎ കേസുകളില്‍ ഉള്‍പ്പെട്ട തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഇബ്രാഹീമിന് പുറത്തിറങ്ങാനായില്ല. തോട്ടം തൊഴിലാളി കൂടിയായ ഇബ്രാഹീം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികളെ കുടിയൊഴിക്കലിനെതിരേ വയനാട്ടില്‍ 90കളുടെ അവസാനം നടന്ന പ്രക്ഷോഭങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.
Jailed for six years on UAPA charge; campaign for Ebrahim