എൻഡോസൾഫാൻ ദുരിതം; ദയാ ബായി അനിശ്ചിതകാല നിരാഹാരം തുടങ്ങി
താന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ ആളാണെന്നും ആ നിലയ്ക്ക് എന്താണ് അവിടെ നടക്കുന്നതെന്ന് തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആ തിരിച്ചറിവിലാണ് താന്‍ സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മലയാളി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. താന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ ആളാണെന്നും ആ നിലയ്ക്ക് എന്താണ് അവിടെ നടക്കുന്നതെന്ന് തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആ തിരിച്ചറിവിലാണ് താന്‍ സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് വേണ്ടി അടിയന്തര മെഡിക്കൽ ക്യാംപ് നടത്തണമെന്നും ദയാബായി ആവശ്യപ്പെട്ടു. പൗരന് ആരോഗ്യത്തോടെ ജീവിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി ഉള്‍പ്പെടുത്തുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിൽസാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ഉക്കിനടുക്ക മെഡിക്കല്‍ കോളജിന് 2013 ല്‍ തറക്കല്ലിട്ടെങ്കിലും ഇതുവരെ പണിപൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ആശുപത്രിക്ക് കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ധ ചികിൽസാകേന്ദ്രമാക്കി മാറ്റാനുള്ള നടപടികളൊന്നുമില്ല. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിന്റെ അവസ്ഥയും മറ്റൊന്നല്ല. അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും മറ്റ് നടപടികളൊന്നുമില്ല. കൊവിഡ് രോഗികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ടാറ്റാ ഹോസ്പിറ്റല്‍ ന്യൂറോ സ്പെഷ്യലിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാവശ്യപ്പെട്ടെങ്കിലും നടപടികളൊന്നുമില്ല. ആവശ്യമായ ചികിൽസ കിട്ടാതെ കുട്ടികള്‍ ഇപ്പോഴും കാസര്‍കോട് ജില്ലയില്‍ മരിച്ച് വീഴുകയാണ്.
അനിശ്ചതകാല നിരാഹാര സമരം കൂടംകുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ് പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫാ. യുജിൻ പെരേര, എൻ സുബ്രഹ്മണ്യൻ, എസ് രാജീവൻ, സോണിയ ജോർജ്, എം സുൽഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരൻ പള്ളിക്കൽ, ഡോക്ടർ സോണിയ മൽഹാർ എന്നിവര്‍ സംസാരിച്ചു.